---
title: "#SkillHub | യുവജനങ്ങൾക്കും വീട്ടമ്മമാർക്കും  തൊഴിൽ ഉറപ്പാക്കാൻ "
english_title: ""#SkillHub" to #ensure #employment for youth and #housewives"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211348/skill-hub-to-ensure-employment-for-youth-and-housewives"
published_at: "2024-06-11T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667d2713a757_skillhub.jpg"
keywords: []
---

# #SkillHub | യുവജനങ്ങൾക്കും വീട്ടമ്മമാർക്കും  തൊഴിൽ ഉറപ്പാക്കാൻ 

> **Lead Summary:** **കളമശേരി :** കളമശേരി മണ്ഡലത്തിലെ യുവജനങ്ങൾക്കും വീട്ടമ്മമാർക്കും ആധുനികനിലവാരത്തിൽ നൈപുണി ലഭ്യമാക്കി അനുയോജ്യമായ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ സർവേ തുടങ്ങുന്നു.

## Article Content

**കളമശേരി :** കളമശേരി മണ്ഡലത്തിലെ യുവജനങ്ങൾക്കും വീട്ടമ്മമാർക്കും ആധുനികനിലവാരത്തിൽ നൈപുണി ലഭ്യമാക്കി അനുയോജ്യമായ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ സർവേ തുടങ്ങുന്നു.

> രണ്ടു ലക്ഷംപേരുടെ വിവരം ശേഖരിച്ച്‌ തുടർപരിശീലനം നൽകുകയാണ്‌ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കളമശേരി നിയമസഭാ മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കുന്ന "സ്കിൽ ഹബ്ബ്' പദ്ധതിയുടെ ഭാഗമായാണ് സർവേയും പരിശീലനവും നടത്തുന്നത്.

ആദ്യഘട്ടം 29 മുതൽ ജൂലൈ എട്ടുവരെ മണ്ഡലത്തിലെ എല്ലാ വീടുകളിലും സർവേ നടത്തും. 300 വിദ്യാർഥികൾ നേതൃത്വം നൽകും. തൊഴിൽ ഉള്ളവരുടെയും ഇല്ലാത്തവരുടെയും വിവരങ്ങൾ, നൈപുണി പരിശീലനം സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കും.

വിവിധ സ്ഥാപനങ്ങൾക്കാവശ്യമായ നൈപുണി പരിശീലനം പ്രത്യേകമായി നൽകുകയാണ് സ്കിൽ ഹബ്ബിലൂടെ ലക്ഷ്യമിടുന്നത്. കുസാറ്റിൽ സ്കിൽ ഡെവലപ്മെന്റ്‌ ഹബ്ബ് സ്ഥാപിക്കും. ജില്ലാ സ്കിൽ ഡെവലപ്മെന്റ്‌ സെന്റർ, തൊഴിൽവകുപ്പിന്റെ കൗശൽ കേന്ദ്ര, വിവിധ കമ്പനികൾ എന്നിവ മുഖേനയാണ് പരിശീലനം ലഭ്യമാക്കുക.

നൈപുണി കൈവരിക്കുന്നവർക്ക് തൊഴിൽലഭ്യത ഉറപ്പാക്കുകയാണ് അടുത്തഘട്ടം. ടാക്സേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയിൽ നൂറ്റമ്പതോളം പേർക്ക് തൊഴിൽ, ഇന്റേൺഷിപ് അവസരം നേരത്തേ ഒരുക്കിയിരുന്നു.

പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സാപ്പും തൊഴിൽ നൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജ്യത്തും വിദേശത്തുമുള്ള കമ്പനികളിലുൾപ്പെടെ തൊഴിൽലഭ്യത ഉറപ്പാക്കാനും സംരംഭകത്വത്തിൽ താൽപ്പര്യമുള്ളവർക്ക് പിന്തുണ നൽകാനും സഹായിക്കുന്ന നൈപുണി പരിശീലനത്തിന് ആധുനിക സൗകര്യമൊരുക്കുമെന്ന് പി രാജീവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211348/skill-hub-to-ensure-employment-for-youth-and-housewives)