---
title: " #aidpost | എയ്ഡ് പോസ്റ്റ് ഉണ്ട്, പൊലീസില്ല; പിറവം ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റ് അടഞ്ഞിട്ട് നാളേറെയായി "
english_title: "There is an #aid #post, no #police; The #aid #post at #Piravam #bus #stand has been #closed for a #long #time"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211157/there-is-an-aid-post-no-police-the-aid-post-at-piravam-bus-stand-has-been-closed-for-a-long-time"
published_at: "2024-06-10T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666aa5699dc9_aidpost.jpg"
keywords: []
---

#  #aidpost | എയ്ഡ് പോസ്റ്റ് ഉണ്ട്, പൊലീസില്ല; പിറവം ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റ് അടഞ്ഞിട്ട് നാളേറെയായി 

> **Lead Summary:** **പിറവം :** ടൗണിലും പരിസരത്തും മോഷണവും അതിക്രമങ്ങളും വ്യാപകമായിട്ടും ബസ് സ്റ്റാൻഡിനുള്ളിലെ പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കാൻ നടപടി ഇല്ല.

## Article Content

**പിറവം :** ടൗണിലും പരിസരത്തും മോഷണവും അതിക്രമങ്ങളും വ്യാപകമായിട്ടും ബസ് സ്റ്റാൻഡിനുള്ളിലെ പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കാൻ നടപടി ഇല്ല.

സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെ 200 ഓളം ബസുകൾ കടന്നു പോകുന്ന സ്റ്റാൻഡ് ആണിത്. സമീപ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിനു യാത്രക്കാരുമുണ്ട്.

എന്നിട്ടും ചിലപ്പോഴൊക്കെ ഒരു ഹോം ഗാർഡ് മാത്രമാണ് ഇവിടെ ചുമതലയിൽ ഉണ്ടാകാറുള്ളത്. അതിതിഥിത്തൊഴിലാളികൾ ഉൾപ്പെടെ കൂട്ടം ചേർന്നെത്തുന്നതോടെ സ്റ്റാൻഡ് കേന്ദ്രീകരിച്ചു ലഹരിവസ്തുക്കളുടെ കൈമാറ്റം സജീവമാണെന്ന പരാതിയും ശക്തമാണ്.

വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഉണ്ടായി. ഇത്തരം സന്ദർഭങ്ങളിലെല്ലാം നടപടി സ്വീകരിക്കുന്നതിൽ ഹോം ഗാർഡിനു പരിമിതികൾ ഉണ്ട്. ടൗണിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരെ മുളക്കുളം റൂട്ടിലാണു പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

അപകടമോ മറ്റ് അത്യാവശ്യങ്ങളോ ഉണ്ടായാൽ പൊലീസ് എത്താൻ കാത്തിരിക്കേണ്ടി വരും. നേരത്തെ ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാർക്കു നിശ്ചയിച്ച സ്ഥലം തിരിച്ചെടുത്താണ് എയ്ഡ് പോസ്റ്റിനു സ്ഥലം കണ്ടെത്തിയത്. ഇപ്പോൾ യാത്രക്കാർക്കു ബുദ്ധിമുട്ടിന് ഇടയാക്കുന്ന സ്ഥിതി ആണെന്നാണു പരാതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211157/there-is-an-aid-post-no-police-the-aid-post-at-piravam-bus-stand-has-been-closed-for-a-long-time)