---
title: " #arrest | പെട്രോൾ പമ്പിൽനിന്ന്‌ ബസ് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "The #police #arrested the youth who #stole the #bus from the #petrol #pump"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211119/the-police-arrested-the-youth-who-stole-the-bus-from-the-petrol-pump"
published_at: "2024-06-10T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66668bf229758_arrest3.jpg"
keywords: []
---

#  #arrest | പെട്രോൾ പമ്പിൽനിന്ന്‌ ബസ് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **പെരുവ :** പെട്രോൾ പമ്പിൽനിന്ന്‌ ബസ് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ തിരുമാറാടി സ്വദേശി പാറയിടുക്കിൽ രാഹുലി നെയാണ് വെള്ളൂർ പൊലിസ് പിടികൂടിയത്.

## Article Content

**പെരുവ :** പെട്രോൾ പമ്പിൽനിന്ന്‌ ബസ് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ തിരുമാറാടി സ്വദേശി പാറയിടുക്കിൽ രാഹുലി നെയാണ് വെള്ളൂർ പൊലിസ് പിടികൂടിയത്.

പെരുവ -എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീ അയ്യപ്പൻ എന്ന ബസ്സാണ് മോഷ്ടിച്ച് കടത്തിയത്. ശനിയാഴ്ച രാത്രിയിൽ സർവീസ് അവസാനിപ്പിച്ച് കുന്നപ്പിള്ളിയിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസ് ഞായറാഴ്ച രാവിലെ ആറിന് സർവിസ് ആരംഭിക്കുന്നതിനായി എടുക്കാൻ എത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്.

തുടർന്ന് വെള്ളൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷ്ടിച്ച ബസുമായി മുവാറ്റുപുഴയിൽ എത്തിയ പ്രതി അവിടുത്തെ ഒരു പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബസിലെ കണ്ടക്ടറുടെ ആറായിരം രൂപയും മൊബൈൽ ഫോണുമടങ്ങിയ ബാഗ് മോഷ്ടിച്ചു കടന്നു.

ഈ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂവാറ്റുപുഴയിലെ ഒരു ബാറിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

പ്രിൻസിപ്പൽ എസ്ഐ കെ വി രാജേഷ് കുമാർ , എസ്ഐമാരായ കെ പി രാംദാസ്, എബി ജോസഫ്, സിപിഒമാരായ അഭിലാഷ്, ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211119/the-police-arrested-the-youth-who-stole-the-bus-from-the-petrol-pump)