---
title: "#arrest | യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ "
english_title: "Three #people who #tried to #kill a #young #man by #hitting him on the #head with a #helmet have been #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211117/three-people-who-tried-to-kill-a-young-man-by-hitting-him-on-the-head-with-a-helmet-have-been-arrested"
published_at: "2024-06-10T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66668b0065a12_arrest.jpg"
keywords: []
---

# #arrest | യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ 

> **Lead Summary:** **കടുത്തുരുത്തി : ** ബൈക്ക് യാത്രികനായ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കടുത്തുരുത്തി : ** ബൈക്ക് യാത്രികനായ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാഞ്ഞൂർ മേലുക്കുന്നേൽ അഭിജിത്ത് രാജു (22), കല്ലറ മുണ്ടാർ നൂറ്റിപ്പത്ത് പുത്തൻപുരയ്ക്കൽ പി കെ അജിത്ത് (25), ഇടുക്കി ഉടുമ്പൻചോല, ചോറ്റുപാറ ബ്ലോക്ക് നമ്പർ 735 ൽ, അമലാച്ചൻ എന്ന് വിളിക്കുന്ന അമൽ ഓമനക്കുട്ടൻ (24) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റുചെയ്തത്.

വ്യാഴാഴ്ച രാത്രി 10 ഓടെ കല്ലറ എൻഎസ്എസ് സ്കൂളിന് സമീപംവച്ചാണ് സംഭവം. ആയാംകുടി പുതുശ്ശേരിക്കര സ്വദേശിയായ യുവാവിനെയാണ് ഇവർ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന യുവാവ് എൻഎസ്എസ് ഹൈസ്കൂളിന് സമീപം റോഡില്‍ കാർ യാത്രക്കാരനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ യുവാവിനെ ചീത്തവിളിക്കുകയും, യുവാവ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു.

തുടർന്ന് ഇവിടെനിന്ന്‌ സ്കൂട്ടറില്‍ യാത്രചെയ്ത യുവാവിനെ ഇവർ പിന്തുടർന്നെത്തി തടഞ്ഞുനിർത്തി ആക്രമിക്കുകയും ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211117/three-people-who-tried-to-kill-a-young-man-by-hitting-him-on-the-head-with-a-helmet-have-been-arrested)