---
title: "#angamalideath | ഉറ്റവർ പിടയുന്നതറിയാതെ ചിന്നമ്മ: ദുരന്തകാരണം എസിയിലെ  തകരാറെന്ന്‌ സംശയം"
english_title: "Chinnamma, not #knowing that her #close #friends were #caught: #Suspect that the cause of the #tragedy was a #fault in the AC"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211110/chinnamma-not-knowing-that-her-close-friends-were-caught-suspect-that-the-cause-of-the-tragedy-was-a-fault-in-the-ac"
published_at: "2024-06-10T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666859fae63f_angamali.jpg"
keywords: []
---

# #angamalideath | ഉറ്റവർ പിടയുന്നതറിയാതെ ചിന്നമ്മ: ദുരന്തകാരണം എസിയിലെ  തകരാറെന്ന്‌ സംശയം

> **Lead Summary:** അങ്കമാലി : ശനിയാഴ്‌ചത്തെ പ്രഭാതം അങ്കമാലി നിവാസികൾക്ക്‌ നൽകിയത്‌ നടുക്കുന്ന ദുരന്തവാർത്ത.

## Article Content

അങ്കമാലി : ശനിയാഴ്‌ചത്തെ പ്രഭാതം അങ്കമാലി നിവാസികൾക്ക്‌ നൽകിയത്‌ നടുക്കുന്ന ദുരന്തവാർത്ത.

കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതറിഞ്ഞ്‌ അങ്കമാലി പറക്കുളം റോഡ്‌ അയ്യമ്പിള്ളിവീട്ടിലേക്ക്‌ ജനം ഒഴുകി. ആർക്കും ഈ ദുരന്തവാർത്ത ആദ്യം ഉൾക്കൊള്ളാനായില്ല. മൃതദേഹങ്ങൾ വീടിന്റെ ഒന്നാംനിലയിൽനിന്ന്‌ താഴെയിറക്കിയപ്പോൾ ചുറ്റും തേങ്ങലുകൾ ഉയർന്നു.

സമയോചിത ഇടപെടൽ നടത്തിയിട്ടും ആരെയും രക്ഷിക്കാനാകാത്തതിന്റെ വേദനയിലായിരുന്നു പത്ര ഏജന്റും സിപിഐ എം അങ്ങാടിക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായ പി പി ഏല്യാസ്‌. പത്രക്കെട്ട് എടുക്കാൻ വീട്ടിൽനിന്ന്‌ പതിവുപോലെ പുലർച്ചെ ഇറങ്ങിയതായിരുന്നു.

ബിനീഷിന്റെ വീടിനുമുന്നിൽ എത്തിയപ്പോഴാണ് തീപിടിത്തം കണ്ടത്. ഉടൻ പൊലീസിന്റെ എമർജൻസി നമ്പറിൽ വിവരമറിയിച്ചു. അപ്പോഴേക്കും അയൽവാസികളായ കൂരൻ പൗലോസും സഹോദരൻ യോഹന്നാനും സ്ഥലത്തത്തി.

ഏല്യാസ് ഉടൻ ബൈക്കിൽ അങ്കമാലി ഫയർ‌സ്റ്റേഷനിലേക്ക്‌ പോയി. അഗ്നിരക്ഷാസേന സ്ഥലത്തേക്ക്‌ പുറപ്പെടാൻ തയ്യാറായിനിൽക്കുകയായിരുന്നു. അവർക്ക് വഴികാട്ടിയായി ഏല്യാസ്‌ സ്ഥലത്തെത്തി. ഇടുങ്ങിയ റോഡിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് അഗ്നിരക്ഷാസേനയുടെ വാഹനം സ്ഥലത്തെത്തിച്ചത്.

എറണാകുളം റൂറൽ എസ്‌പി വൈഭവ്‌ സക്‌സേന, മുനമ്പം ഡിവൈഎസ്‌പി എൻ എസ്‌ സലീഷ്‌, റോജി എം ജോൺ എംഎൽഎ, അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്‌, ജോസ്‌ തെറ്റയിൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

ഉറ്റവർ പിടയുന്നതറിയാതെ ചിന്നമ്മ പതിവുപോലെ പ്രാർഥിക്കാനാണ്‌ ശനി പുലർച്ചെ നാലോടെ അങ്കമാലി പറക്കുളം അയ്യമ്പിള്ളിവീട്ടിൽ ചിന്നമ്മ ഉണർന്നത്‌. മുകൾനിലയിൽ മകൻ ബിനീഷും കുടുംബവും പൊള്ളലേറ്റു പിടയുന്നത് എഴുപത്തിരണ്ടുകാരിയായ ആ അമ്മ അറിഞ്ഞിരുന്നില്ല.

മുകളിൽനിന്ന്‌ ശബ്ദംകേട്ട്‌ നോക്കിയപ്പോൾ തീ കണ്ടു. വീടിനോട് ചേർന്നുള്ള ഷെഡിൽ ഉറങ്ങുകയായിരുന്ന സഹായി ഒഡിഷ സ്വദേശി നിരഞ്ജനെ ഉടൻ വിളിച്ചുണർത്തി.

നിരഞ്ജനും ചിന്നമ്മയും ഒച്ചവച്ചെങ്കിലും അയൽവാസികൾ ആദ്യം കേട്ടില്ല. ഇരുവരും മുകൾനിലയിലെത്തി വാതിലിൽ തട്ടി. അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ തുറക്കാനായില്ല. ബാത്ത്‌റൂമിൽനിന്ന് വെള്ളം കൊണ്ടുവന്ന് തീ അണയ്‌ക്കാനുള്ള ശ്രമം വിഫലമായി.

അയൽവാസിയായ കൂരൻ പൗലോസ്‌ ബഹളംകേട്ട്‌ സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും പൊലീസും എത്തിയതോടെ ചിന്നമ്മയെ അയൽവാസി പൗലോസ് വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

പിന്നീട് സമീപത്ത്‌ താമസിക്കുന്ന മകൻ ബിനോയിയുടെ വീട്ടിലേക്ക്‌ മാറ്റി. ദുരന്തവാർത്ത അറിഞ്ഞ്‌ തളർന്നുവീണ ചിന്നമ്മയെ ബിനോയിയും മറ്റു ബന്ധുക്കളും ആശ്വസിപ്പിക്കാനാകാതെ പതറി.

എയർ കണ്ടീഷണറിലെ വൈദ്യുതിത്തകരാറാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നതായി അഗ്നിരക്ഷാസേന.

ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും ഫോറൻസിക്‌ വിദഗ്‌ധരുടെയും പരിശോധനാറിപ്പോർട്ട്‌ ലഭിച്ചശേഷംമാത്രമേ തീപിടിത്തത്തിന്റെ വിശദാംശങ്ങൾ അറിയാനാകൂവെന്ന്‌ സ്ഥലം സന്ദർശിച്ച എറണാകുളം റൂറൽ എസ്‌പി വൈഭവ്‌ സക്‌സേന പറഞ്ഞു.

ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ, അങ്കമാലി സ്‌റ്റേഷൻ ഓഫീസർ കെ എസ്‌ ഡിപിൻ, അസിസ്റ്റന്റ്‌ സ്‌റ്റേഷൻ ഓഫീസർ എൻ ജിജി, സീനിയർ ഫയർ ഓഫീസർ കെ ജി ജിബിൻരാജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ബിനീഷ്‌ കുര്യനും ഭാര്യയും മക്കളും കിടന്ന മുറിയിലെ ഗൃഹോപകരണങ്ങൾ കത്തിനശിച്ചിരുന്നു. രണ്ടു കട്ടിലുകളും അതിലെ രണ്ട്‌ സ്‌പ്രിങ്‌ കിടക്കകളും പൂർണമായും നശിച്ചു. ഫാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ച രേഖകളും കത്തിനശിച്ചു.

അലമാരയും ഭാഗികമായി കത്തിയ നിലയിലാണ്‌. എയർ കണ്ടീഷണർ തീപിടിച്ച്‌ താഴെ വീണുകിടക്കുകയായിരുന്നു. മുറിയുടെ വശങ്ങളിലെ നാലു ജനലുകളും പൂർണമായും നശിച്ചു. ഭിത്തികളിൽ വിള്ളൽ വീണു.

മുകൾനിലയിൽ ഒരു വലിയ കിടപ്പുമുറിയും ചെറിയ ഹാളും ചെറിയ മുറിയുമാണുള്ളത്. ഹാളിലെ വയറിങ്ങിൽ ചിലത്‌ ഉരുകിയിട്ടുണ്ട്‌. താഴത്തെ നിലയിൽനിന്നുള്ള ഗോവണി കൂടാതെ പിൻഭാഗത്തെ ഗോവണിയിലൂടെയും മുകൾനിലയിലേക്ക്‌ കയറാനാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211110/chinnamma-not-knowing-that-her-close-friends-were-caught-suspect-that-the-cause-of-the-tragedy-was-a-fault-in-the-ac)