---
title: "#trolling | തീരദേശത്ത് 52 ദിവസം ട്രോളിങ് നിരോധനം തുടങ്ങി"
english_title: "A #52-day ban on #trolling has #started in #coastal #areas"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/211105/a-52-day-ban-on-trolling-has-started-in-coastal-areas"
published_at: "2024-06-10T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66667f961d382_trolling.jpg"
keywords: []
---

# #trolling | തീരദേശത്ത് 52 ദിവസം ട്രോളിങ് നിരോധനം തുടങ്ങി

> **Lead Summary:** **കൊച്ചി :** തീരദേശത്ത് ട്രോളിങ് നിരോധനം തുടങ്ങിയതോടെ ജില്ലയിലെ ആയിരത്തോളം ബോട്ടുകൾ തിരിച്ചെത്തി.

## Article Content

**കൊച്ചി :** തീരദേശത്ത് ട്രോളിങ് നിരോധനം തുടങ്ങിയതോടെ ജില്ലയിലെ ആയിരത്തോളം ബോട്ടുകൾ തിരിച്ചെത്തി.

ഇനിയുള്ള 52 ദിവസം ബോട്ടുകൾക്കും ഹാർബറുകൾക്കും വിശ്രമമാണ്‌. നിരോധനത്തിന്‌ മുന്നോടിയായി ശനിയാഴ്‌ച രാത്രി തീരമണഞ്ഞ ബോട്ടുകളിലെ മീൻ ഞായറാഴ്‌ച വിറ്റഴിക്കാൻ സാധിക്കാത്തതിനാൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയുംകൂടി ഹാർബറുകളിൽ ലഭ്യമാകും.

ജില്ലയുടെ തീരപ്രദേശത്ത്‌ അഞ്ഞൂറോളം ഇൻബോർഡ്‌ വള്ളങ്ങളും 2000ത്തിൽ അധികം പൊന്തുവള്ളങ്ങളുമായിരിക്കും തിങ്കൾമുതൽ മീൻപിടിക്കാൻ ഇറങ്ങുക.

മീൻപിടിത്ത ബോട്ടുകളിലെ 80 ശതമാനം തൊഴിലാളികളും തമിഴ്‌നാട്‌ കുളച്ചൽ സ്വദേശികളായതിനാൽ ബോട്ടുകൾ കരയ്‌ക്കണഞ്ഞതോടെ അവരും സംസ്ഥാനംവിട്ടു. ഔട്ട്‌ബോർഡ്‌ എൻജിനുകളുള്ള വലിയ ബോട്ടുകളിൽ 10 ശതമാനം മലയാളികൾമാത്രമാണ്‌ തൊഴിലെടുക്കുന്നത്‌.

ട്രോളിങ് കാലത്ത്‌ അവർ ചെറുവള്ളങ്ങളിൽ ജോലി ചെയ്യും. ജൂലൈ 31ന്‌ നിരോധനം അവസാനിക്കും. ട്രോളിങ് നിരോധന കാലയളവിൽ പരിശോധന കർശനമാക്കി.

വൈപ്പിനിൽ അതിവേഗ മറൈൻ ആംബുലൻസായ പ്രത്യാശയ്ക്കുപുറമെ രണ്ടു ബോട്ടുകളും ഒരു ഫൈബർ വള്ളവും പട്രോളിങ്ങിനായി സജ്ജീകരിച്ചിട്ടുണ്ട്. മുനമ്പം ഹാർബറിൽ 108 ആംബുലൻസുമുണ്ട്.

അടിയന്തരഘട്ടങ്ങളിൽ സഹായിക്കുന്നതിന് വൈപ്പിനിൽ റീജണൽ കൺട്രോൾ റൂം തുറന്നതായി ഫിഷറീസ് അസിസ്‌റ്റന്റ്‌ ഡയറക്ടർ പി അനീഷ് അറിയിച്ചു. ഫോൺ: 0484 2502768, 9296007048. മുനമ്പം കൺട്രോൾ റൂം നമ്പർ: 8304010855.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/211105/a-52-day-ban-on-trolling-has-started-in-coastal-areas)