കോട്ടയം: (piravomnews.in) കൊല്ലം ശൂരനാട് സ്വദേശി റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ വീണു മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്.
സംഭവത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ചങ്ങനാശേരി പൊലീസിന്റെ കണ്ടെത്തൽ. വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാൻ നിവാസിൽ റംസാൻ അലി (36)യെ റെയിൽവേ ജംക്ഷനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനു പിറകിലെ ഓടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
സമീപത്തെ കോൺക്രീറ്റ് മതിൽ ദേഹത്തു വീണ നിലയിലായിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിച്ചിരുന്നു. എന്നാൽ ഓടയിൽ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയിൽ കോൺക്രീറ്റ് മതിലിൽ പിടിച്ചപ്പോൾ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തിൽ വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണം. സംഭവസമയം റംസാൻ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.
കാത്തിരിപ്പുകേന്ദ്രത്തിൽ ഉറങ്ങാൻ കിടക്കാനോ മറ്റോ ശ്രമിക്കുമ്പോൾ നിലതെറ്റി ഓടയ്ക്കുള്ളിൽ വീണതായിരിക്കാമെന്നും പൊലീസ് അറിയിച്ചു. പൊലീസ് പരിശോധനയിൽ സംഭവസ്ഥലത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ചങ്ങനാശേരിയിൽ കർട്ടന്റെയും ചവിട്ടുവിരിയുടെയും ഇൻസ്റ്റാൾമെന്റ് വ്യാപാരമാണ് റംസാന്.
The #young #man was #found #dead in the #river