---
title: "#fire | റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു ; വീടിന് തീപിടിച്ച് വൻ നഷ്ടം"
english_title: "The #refrigerator #exploded; #Huge #loss in #house #fire"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210913/the-refrigerator-exploded-huge-loss-in-house-fire"
published_at: "2024-06-09T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66652f45167a8_fridge.jpg"
keywords: []
---

# #fire | റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു ; വീടിന് തീപിടിച്ച് വൻ നഷ്ടം

> **Lead Summary:** **കാലടി : ** കാലടി കുറ്റിലക്കരയിൽ വീടിന് തീപിടിച്ച് വൻ നഷ്ടം. കുറ്റിലക്കര പിഡിഡിപി സെൻട്രൽ സൊസൈറ്റിക്കുസമീപം തൂമ്പാലൻ മത്തായിയുടെ വീടാണ് കത്തിനശിച്ചത്.

## Article Content

**കാലടി : ** കാലടി കുറ്റിലക്കരയിൽ വീടിന് തീപിടിച്ച് വൻ നഷ്ടം. കുറ്റിലക്കര പിഡിഡിപി സെൻട്രൽ സൊസൈറ്റിക്കുസമീപം തൂമ്പാലൻ മത്തായിയുടെ വീടാണ് കത്തിനശിച്ചത്.

റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച്‌ തീ പടരുകയായിരുന്നു. ശനി രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഒരുവർഷംമുമ്പ്‌ വാങ്ങിയ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതോടെ അടുക്കളയിലെ മുഴുവൻ സാമഗ്രികൾക്കും തീപിടിച്ചു.

അടുക്കളയും വീടിന്റെ പ്രധാന മുറിയുടെയും കാർ പോർച്ചിന്റെയും ഭിത്തികളും തകർന്നു. ജനലുകളും കട്ടിലകളും കത്തിനശിച്ചു. 50 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീപിടിത്തമുണ്ടായപ്പോൾ മത്തായി, ഭാര്യ മോളി, മകൻ, മരുമകൾ എന്നിവർ ഇറങ്ങിയോടി.

തീ പിടിക്കാതിരിക്കാൻ പാചകവാതക സിലിണ്ടർ വീട്ടുകാർ പുറത്തേക്ക് വലിച്ചെറിഞ്ഞു. അങ്കമാലിയിൽനിന്ന്‌ അഗ്നി രക്ഷാസേന എത്തിയാണ്‌ തീയണച്ചത്‌. കാലടിയിൽനിന്ന്‌ കെഎസ്ഇബി അധികൃതരെത്തി വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചു.

റഫ്രിജറേറ്ററിലേക്കുള്ള വൈദ്യുതിലൈനിൽ ഷോർട്ട്‌ സർക്യൂട്ടുണ്ടായതാകാം റഫ്രിജറേറ്റർ പൊട്ടിത്തെറിക്കാൻ ഇടയായതെന്നാണ്‌ പ്രാഥമികനിഗമനം. മറ്റൂർ വില്ലേജ് ഓഫീസർ ടി കെ സജികുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210913/the-refrigerator-exploded-huge-loss-in-house-fire)