---
title: "#Tehsildar | തകർന്നുവീണ മതിൽ പൊളിച്ചുമാറ്റി അതീവസുരക്ഷയിൽ പുനർനിർമിക്കണമെന്ന് തഹസിൽദാർ"
english_title: "#Tehsildar to #demolish the #collapsed wall and #rebuild it with #utmost #security"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210708/tehsildar-to-demolish-the-collapsed-wall-and-rebuild-it-with-utmost-security-new"
published_at: "2024-06-08T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663e1c830be2_mathil.jpg"
keywords: []
---

# #Tehsildar | തകർന്നുവീണ മതിൽ പൊളിച്ചുമാറ്റി അതീവസുരക്ഷയിൽ പുനർനിർമിക്കണമെന്ന് തഹസിൽദാർ

> **Lead Summary:** **കോലഞ്ചേരി : ** പട്ടിമറ്റം കോട്ടമലയിൽ മതിലിടിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തകർന്നുവീണ മതിൽ പൂർണമായും പൊളിച്ചുമാറ്റി അതീവസുരക്ഷയിൽ പുനർനിർമിക്കണമെന്ന് കുന്നത്തുനാട് തഹസിൽദാർ ഉത്തരവിട്ടു.

## Article Content

**കോലഞ്ചേരി : ** പട്ടിമറ്റം കോട്ടമലയിൽ മതിലിടിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തകർന്നുവീണ മതിൽ പൂർണമായും പൊളിച്ചുമാറ്റി അതീവസുരക്ഷയിൽ പുനർനിർമിക്കണമെന്ന് കുന്നത്തുനാട് തഹസിൽദാർ ഉത്തരവിട്ടു.

പത്തുദിവസത്തിനകം പൊളിഞ്ഞുകിടക്കുന്ന മതിൽ നീക്കം ചെയ്യണം. അശാസ്ത്രീയ നിർമാണത്തിൽ നശിപ്പിച്ച തോട് പുനഃസ്ഥാപിക്കണം. മതിലിനോടുചേർന്നുള്ള മുഴുവൻ മണ്ണും സമാന്തരമായി കിടക്കുന്ന തെക്കുഭാഗത്തേക്ക് മാറ്റണം.

പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച വിധത്തിലായിരിക്കണം മതിൽ നിർമിക്കേണ്ടത്. പഞ്ചായത്ത് റോഡിന്റെ വശത്ത് കാന നിർമിക്കാനായി റോഡിൽനിന്ന് 90 സെന്റീമീറ്റർവിട്ട് മതിൽ നിർമിക്കണം. നീരൊഴുക്ക് തടസ്സപ്പെട്ട തോട് സ്ഥലയുടമയുടെ ചെലവിൽ പുനർനിർമിക്കണം.

പഞ്ചായത്ത് സെക്രട്ടറിയുടെ പരിശോധനയും അനുമതിപത്രവും വാങ്ങിയശേഷംമാത്രമേ പുനർനിർമാണം നടത്താവൂ. ഉത്തരവ് പാലിക്കാതിരുന്നാൽ സ്ഥലയുടമയ്ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

കഴിഞ്ഞ 29നുണ്ടായ കനത്ത മഴയിലാണ് കോട്ടമലയുടെ പിൻഭാഗത്തെ മതിലും പി പി റോഡിൽനിന്ന് പഴന്തോട്ടം കനാൽ ബണ്ട് റോഡിലേക്ക് പോകുന്ന പൊതുവഴിയുടെ ഭാഗത്തുള്ള മതിലും ഇടിഞ്ഞത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ഇതുവഴിയുള്ള യാത്ര പൂർണമായും തടസ്സപ്പെട്ടിരുന്നു.

ഇതുമൂലം പ്രദേശവാസികൾക്ക് മെയിൻ റോഡിലെത്താൻ രണ്ടു കിലോമീ​റ്റർ കൂടുതൽ യാത്ര ചെയ്യണം. കോട്ടമലയുടെ ഏ​റ്റവും ഉയർന്ന ഭാഗത്തുനിന്നുള്ള മണ്ണ് അനധികൃതമായി എടുത്ത് താഴ്ന്ന പ്രദേശം നികത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ചർച്ചയിൽ തഹസിൽദാർ ജെ താജുദ്ദീനെ കൂടാതെ കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരൻ, പഞ്ചായത്ത് പ്രസിഡന്റ് എം വി നിതമോൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210708/tehsildar-to-demolish-the-collapsed-wall-and-rebuild-it-with-utmost-security-new)