---
title: "#Road | കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിലെ  അപകടവളവിന് വീതിയായി"
english_title: "The #danger #curve on #Koothattukulam #High #School #Road has been #widened"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/210701/the-danger-curve-on-koothattukulam-high-school-road-has-been-widened"
published_at: "2024-06-08T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663d8cb93d79_kothattukulam.jpg"
keywords: []
---

# #Road | കൂത്താട്ടുകുളം ഹൈസ്കൂൾ റോഡിലെ  അപകടവളവിന് വീതിയായി

> **Lead Summary:** **കൂത്താട്ടുകുളം :** പട്ടണത്തിൽനിന്ന്‌ ചാരംചിറ–-പാലക്കുഴ റോഡിലുള്ള കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ഭാഗത്തെ അപകടവളവ് നഗരസഭയുടെ ഇടപെടലിൽ നിവർത്തി.

## Article Content

**കൂത്താട്ടുകുളം :** പട്ടണത്തിൽനിന്ന്‌ ചാരംചിറ–-പാലക്കുഴ റോഡിലുള്ള കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ഭാഗത്തെ അപകടവളവ് നഗരസഭയുടെ ഇടപെടലിൽ നിവർത്തി.

അമ്പലംഭാഗം, പാലക്കുഴ, കോഴിപ്പിള്ളി, ചാരംചിറ തുടങ്ങി പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്.

നഗരസഭാ അധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ സുമ വിശ്വംഭരൻ എന്നിവർ കൂത്താട്ടുകുളം സ്കൂൾ മാനേജ്മെന്റുമായി ചർച്ചചെയ്താണ് അനുമതി നേടിയത്‌. തുടർന്ന് മതിലും കെട്ടിടവും പൊളിച്ച് വീതികൂട്ടുന്ന പ്രവൃത്തി പൂർത്തിയാക്കി.

വളവിന് ഇരുഭാഗത്തും റോഡിനാവശ്യമായ വീതിയുണ്ടെങ്കിലും വളവുമാത്രം കുപ്പിക്കഴുത്തിനുസമാനമായി തുടരുകയായിരുന്നു. ഹൈസ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്ന ഭാഗത്താണ് റോഡിൽ വീതി കുറവുണ്ടായിരുന്നത്.

റോഡിനോട് ചേർന്ന് കെട്ടിടം നിലനിൽക്കുന്നതിനാൽ റോഡ് നവീകരണം നടന്നപ്പോഴും ഈ ഭാഗത്ത് വീതി കൂട്ടാൻ കഴിഞ്ഞിരുന്നില്ല.

സ്കൂൾ അധികൃതർ റോഡിന് വീതി കൂട്ടുന്നതിനായി സ്ഥലം സൗജന്യമായി വിട്ടുനൽകുകയായിരുന്നു. ഇതിന്റെ ഭാഗമായി റോഡിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/210701/the-danger-curve-on-koothattukulam-high-school-road-has-been-widened)