---
title: "#arrest |മോഷണക്കേസിൽ  ഡ്രാക്കുള സുരേഷ് പിടിയിൽ"
english_title: "#DraculaSuresh #arrested in theft #case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209925/draculasuresh-arrested-in-theft-case"
published_at: "2024-06-05T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fe33393360_arrest.jpg"
keywords: []
---

# #arrest |മോഷണക്കേസിൽ  ഡ്രാക്കുള സുരേഷ് പിടിയിൽ

> **Lead Summary:** > **ആലുവ : ** ആലുവയിലെ ഗോൾഡൻ ലൂബ്സ് എന്ന സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ "ഡ്രാക്കുള സുരേഷ്' എന്ന കുന്നത്തുനാട് ഐക്കരനാട് ചെമ്മല കോളനിയിൽ കുണ്ടോലിക്കുടി സുരേഷ് വീണ്ടും പൊലീസ് പിടിയിലായി.

## Article Content

> **ആലുവ : ** ആലുവയിലെ ഗോൾഡൻ ലൂബ്സ് എന്ന സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിൽ "ഡ്രാക്കുള സുരേഷ്' എന്ന കുന്നത്തുനാട് ഐക്കരനാട് ചെമ്മല കോളനിയിൽ കുണ്ടോലിക്കുടി സുരേഷ് വീണ്ടും പൊലീസ് പിടിയിലായി.

ആലുവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കടയിലുണ്ടായിരുന്നയാൾ ഉച്ചഭക്ഷണം കഴിച്ചശേഷം കൈകഴുകാന്‍ പുറത്തുപോയ സമയത്ത്, മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 26,000 രൂപ മോഷ്ടിക്കുകയായിരുന്നു. പണം ഡ്രാക്കുള സുരേഷില്‍നിന്ന് കണ്ടെടുത്തു.

നിരവധി മോഷണക്കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ് സുരേഷ്. 2020 ജൂണില്‍ മൂവാറ്റുപുഴ പെരുവംമൂഴിയില്‍ മോഷണശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാലത്തില്‍നിന്ന്‌ വെള്ളമില്ലാത്ത പുഴയിലേക്ക് ചാടിയ സുരേഷിന് പരിക്കേറ്റിരുന്നു.

2019ല്‍ പൊലീസ് പിടികൂടിയപ്പോള്‍ ജീപ്പി​ന്റെ ചില്ലടിച്ചുപൊട്ടിച്ച ഇയാള്‍ ചില്ല്‌ വിഴുങ്ങി ആത്മഹത്യാഭീഷണിയും മുഴക്കി. 2015ല്‍ കോലഞ്ചേരിയിൽ പള്ളിയിൽ മോഷണം നടത്തുന്നതിനിടെ ഇയാള്‍ വെ​ന്റിലേറ്ററില്‍ കുടുങ്ങി. ഇവിടെയിരുന്ന് ഉറങ്ങിപ്പോയ ഇയാളെ പൊലീസെത്തിയാണ് പുറത്തെടുത്തത്.

കുന്നത്തുനാട്, മൂവാറ്റുപുഴ, ഹിൽ പാലസ്, പുത്തൻകുരിശ്, ചോറ്റാനിക്കര, പെരുമ്പാവൂർ, ആലുവ, എറണാകുളം സെൻട്രൽ തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, മയക്കുമരുന്ന് വില്‍പ്പന ഉൾപ്പെടെ ഇരുപത്തഞ്ചോളം കേസുകളുണ്ട്.

സ്ഥാപനങ്ങളുംമറ്റും നോക്കിവച്ച് ആളൊഴിയുമ്പോള്‍ മോഷണം നടത്തി രക്ഷപ്പെടുകയാണ് ഇയാളുടെ രീതി. 2021 ഡിസംബറിൽ ആറു മാസത്തേക്ക് കാപ്പ ചുമത്തി സുരേഷിനെ ജയിലിൽ അടച്ചിരുന്നു.

ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ, 2022 ആഗസ്തിൽ ആലുവയിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലും നവംബറിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലും പ്രതിയായതിനെ തുടര്‍ന്ന് വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കി.

ഇവിടെനിന്ന്‌ മോചിതനായശേഷമാണ് മോഷണക്കേസില്‍ വീണ്ടും പിടിയിലായത്. ഇൻസ്പെക്ടർ എം എം മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209925/draculasuresh-arrested-in-theft-case)