---
title: "#Aluva | ആലുവ തോട് ശുചീകരിച്ചില്ല , താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ"
english_title: "#Aluva river has not been #cleaned, #low-lying areas are under #threat of #flooding"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209469/aluva-river-has-not-been-cleaned-low-lying-areas-are-under-threat-of-flooding"
published_at: "2024-06-03T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d3d95a53a7_aaluva.jpg"
keywords: []
---

# #Aluva | ആലുവ തോട് ശുചീകരിച്ചില്ല , താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ

> **Lead Summary:** **നെടുമ്പാശേരി : ** പാറക്കടവ് പഞ്ചായത്തിലെ ആലുവ തോട്ടിൽ മഴക്കാലപൂർവ ശുചീകരണം നടത്താത്തതിനാൽ 12–ാം വാർഡിലെ അഞ്ച് പട്ടികജാതി കോളനികൾ ഉൾപ്പെടുന്ന താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലേക്ക്.

## Article Content

**നെടുമ്പാശേരി : ** പാറക്കടവ് പഞ്ചായത്തിലെ ആലുവ തോട്ടിൽ മഴക്കാലപൂർവ ശുചീകരണം നടത്താത്തതിനാൽ 12–ാം വാർഡിലെ അഞ്ച് പട്ടികജാതി കോളനികൾ ഉൾപ്പെടുന്ന താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലേക്ക്.

താഴ്ന്നപ്രദേശങ്ങളായ ഇരുമ്പുങ്ങൽ, മൊതക്കാട്, മണക്കുന്ന്, തിടുക്കേലി, ഐന്നിക്കത്താഴം എന്നീ പ്രദേശങ്ങളും വാർഡ് 13ൽപ്പെടുന്ന കുന്നുംപുറം തറമൂല, തേമാലിപാടം, വലിയകുളം പാടശേഖര കരപ്രദേശം എന്നിവിടങ്ങളും ഗുരുതര വെള്ളക്കെട്ട് ഭീഷണി നേരിടുകയാണ്.

മൂന്നുകിലോമീറ്ററോളം നീളവും 10 മീറ്ററോളം വീതിയും വരുന്ന തോട് വലിയകുളം പാടശേഖരത്തിൽനിന്ന് ആരംഭിച്ച് ചാലക്കുടി പുഴയിലാണ് അവസാനിക്കുന്നത്. സാധാരണയായി പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെ ഓപ്പറേഷൻ വാഹിനിയിൽ ഉൾപ്പെടുത്തിയാണ് ആലുവ തോട് വൃത്തിയാക്കുന്നത്.

എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി പാറക്കടവ് പഞ്ചായത്ത് അധികൃതർ ഇത്തരം പ്രവൃത്തികൾ ചെയ്യിക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ മഴക്കാലത്തും പാറക്കടവ് പഞ്ചായത്ത് അധികൃതർ ഇതേ സ്ഥിതി തുടരുന്നതിന്റെ ഭാഗമായി ജനങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലായപ്പോൾ പൂവ്വത്തുശേരി സിപിഐ എം പ്രാദേശിക നേതൃത്വത്തിന്റെ ശ്രമഫലമായാണ് ജില്ലാ ഭരണകേന്ദ്രം അടിയന്തരമായി ഓപ്പറേഷൻ വാഹിനിക്ക് പണം കണ്ടെത്തി ആലുവ തോടിന്റെ മുഴുവൻ ശുചീകരണ ജോലിയും ഏറ്റെടുത്ത് വൃത്തിയാക്കിയത്.

പാറക്കടവ് പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളായ 12,13 വാർഡുകളിലെ അംഗങ്ങൾ താൽപ്പര്യമെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209469/aluva-river-has-not-been-cleaned-low-lying-areas-are-under-threat-of-flooding)