---
title: "#keralamvd | നമ്പർപ്ലേറ്റിൽ മാസ്കിട്ട്‌ യാത്ര ; സൂപ്പർബൈക്കിന്‌ മോട്ടോർ വാഹനവകുപ്പിന്റെ പൂട്ട്‌"
english_title: "masked #journey on the number #plate; #Department of #Motor #Vehicles #lock for #Superbike"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209460/masked-journey-on-the-number-plate-department-of-motor-vehicles-lock-for-superbike"
published_at: "2024-06-03T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d37f174d61_mvd.jpg"
keywords: []
---

# #keralamvd | നമ്പർപ്ലേറ്റിൽ മാസ്കിട്ട്‌ യാത്ര ; സൂപ്പർബൈക്കിന്‌ മോട്ടോർ വാഹനവകുപ്പിന്റെ പൂട്ട്‌

> **Lead Summary:** **തൃക്കാക്കര :** എഐ കാമറയിൽ പെടാതിരിക്കാൻ മാസ്ക് ഉപയോഗിച്ച്‌ നമ്പർപ്ലേറ്റ് മറച്ച് സൂപ്പർബൈക്കിൽ പാഞ്ഞ കോളേജ് വിദ്യാർഥികൾക്ക്‌ മോട്ടോർവാഹന വകുപ്പിന്റെ പൂട്ട്‌.

## Article Content

**തൃക്കാക്കര :** എഐ കാമറയിൽ പെടാതിരിക്കാൻ മാസ്ക് ഉപയോഗിച്ച്‌ നമ്പർപ്ലേറ്റ് മറച്ച് സൂപ്പർബൈക്കിൽ പാഞ്ഞ കോളേജ് വിദ്യാർഥികൾക്ക്‌ മോട്ടോർവാഹന വകുപ്പിന്റെ പൂട്ട്‌.

ബൈക്കിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും വിദ്യാർഥികളോട്‌ റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാനും എംവിഡി നിർദേശിച്ചു. മൂവാറ്റുപുഴയിൽ റോഡരികിൽ പരിശോധനയ്ക്കുനിന്ന എംവിഡി എൻഫോഴ്സ്‌മെന്റിനെ വെട്ടിച്ചുകടക്കാൻ ശ്രമിച്ച വിദ്യാർഥികളെയാണ്‌ ഉദ്യോഗസ്ഥർ പിന്തുടർന്ന്‌ പിടികൂടിയത്‌.

മുന്നിലും പിന്നിലും നമ്പർപ്ലേറ്റ് കറുത്ത മാസ്ക്കൊണ്ട് സ്ഥിരമായി മറച്ചിരിക്കുകയായിരുന്നു. ഇവരുടെ ചിത്രം എഐ കാമറയിൽ പതിഞ്ഞെങ്കിലും വാഹനനമ്പർ വ്യക്തമാകാത്തതിനെത്തുടർന്ന് നടപടിയെടുക്കാൻ കഴിഞ്ഞില്ല.

ഇടുക്കിയിൽനിന്നുള്ള കോളേജ് വിദ്യാർഥികളായ ഇരട്ടസഹോദരങ്ങളാണ്‌ വാഹനം ഉപയോഗിച്ചിരുന്നത്‌. ഇവർക്ക്‌ ലൈസൻസ് ഇല്ലായിരുന്നു. വാഹനം വിദ്യാർഥികളുടെ അച്ഛന്റെ പേരിലാണെന്ന്‌ കണ്ടെത്തി. മുമ്പും രണ്ടുതവണ മോട്ടോർവാഹന വകുപ്പ് പിടികൂടി 20,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്‌.

അന്ന് വാഹനം ഓടിച്ചത് മറ്റൊരു ബന്ധുവായിരുന്നു. പിഴയടയ്‌ക്കാത്തതിനും ലൈസൻസ് ഹാജരാക്കാത്തതിനും ബന്ധുവിന്റെ ലൈസൻസ് രണ്ടുമാസത്തേക്ക് റദ്ദാക്കി. നമ്പർപ്ലേറ്റ് മറച്ചതിനും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനും വാഹനം രൂപമാറ്റം വരുത്തിയതിനും 19,250 രൂപ പിഴ ഈടാക്കി.

നമ്പർപ്ലേറ്റ് മറച്ച് വാഹനമോടിച്ചതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ആറുമാസത്തേക്ക് റദ്ദാക്കാൻ ഇടുക്കി ആർടി ഓഫീസിൽ അറിയിച്ചതായി എൻഫോഴ്സ്‌മെന്റ് ആർടിഒ കെ മനോജ് പറഞ്ഞു.

വാഹനം ഓടിച്ച വിദ്യാർഥികൾ പിസിസി ഹാജരാക്കാനും റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു. എംവിഐ സി എസ് വിതിൻകുമാർ, ടി എസ് സജിത്, ടി ബി റാക്സൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുചക്രവാഹനം പിടിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209460/masked-journey-on-the-number-plate-department-of-motor-vehicles-lock-for-superbike)