---
title: "#wildelephant | കാട്ടാന കാറിന്റെ ഗ്ലാസ് തകർത്തു, സ്കൂട്ടർ ഉപേക്ഷിച്ച് ദമ്പതികൾ ഓടിരക്ഷപ്പെട്ടു"
english_title: "The #katana #smashed the car's #window and the #couple #fled, #leaving behind the #scooter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209408/the-katana-smashed-the-cars-window-and-the-couple-fled-leaving-behind-the-scooter"
published_at: "2024-06-02T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c8aad94fd6_wild.jpg"
keywords: []
---

# #wildelephant | കാട്ടാന കാറിന്റെ ഗ്ലാസ് തകർത്തു, സ്കൂട്ടർ ഉപേക്ഷിച്ച് ദമ്പതികൾ ഓടിരക്ഷപ്പെട്ടു

> **Lead Summary:** തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് വച്ച് കാറിനും സ്കൂട്ടറിനും നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.

## Article Content

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് വച്ച് കാറിനും സ്കൂട്ടറിനും നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.

മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകൾക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത് വച്ച് കാട്ടാന ഓടിയെത്തി. എറണാകുളം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞടുത്തു.

ഇവർ ബൈക്കുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. അതിരപ്പിള്ളി സന്ദർശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ കാർ ആനക്കയം പാലത്തിന് സമീപത്തെ വളവിൽ വച്ച് ആനയുടെ മുന്നിൽപെട്ടു.

ഹോൺ മുഴക്കിയതിൽ പ്രകോപിതനായ കാട്ടാന കാറിനെ നേരെ പാഞ്ഞടുക്കുകയും തുമ്പിക്കൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തു. ആന മുന്നിൽ നിന്നും അല്പം നീങ്ങിയ തക്കത്തിൽ ഇവർ കാറെടുത്തു പോവുകയായിരുന്നു.

തുടർന്ന് പുറകിൽ വരികയായിരുന്ന മറ്റൊരു കാറിനും സ്കൂട്ടറിനും നേരെ കാട്ടാന ഓടിയടുത്തു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾ സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇതിന് പിന്നിലുണ്ടായിരുന്ന കോതമംഗലം സ്വദേശികൾ സഞ്ചരിച്ച കാറിന് നേരേയും ആന ഓടിയടുത്തു.

കാറിനകത്തുണ്ടായിരുന്നവർ ബഹളം വച്ചതോടെ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയുടെ ആക്രമണത്തിൽ കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209408/the-katana-smashed-the-cars-window-and-the-couple-fled-leaving-behind-the-scooter)