---
title: "#farmer'sunion | കർഷകസംഘം സമരം ഫലംകണ്ടു;  പിരാരൂരിൽ തോട് വൃത്തിയാക്കൽ തുടങ്ങി"
english_title: "The #farmer's union #saw #results; #Cleaning of the #ditch has #started in #Pirarur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209062/the-farmers-union-saw-results-cleaning-of-the-ditch-has-started-in-pirarur"
published_at: "2024-06-01T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665aa24d70ff6_farmers.jpg"
keywords: []
---

# #farmer'sunion | കർഷകസംഘം സമരം ഫലംകണ്ടു;  പിരാരൂരിൽ തോട് വൃത്തിയാക്കൽ തുടങ്ങി

> **Lead Summary:** **കാലടി :** കർഷകസംഘം സമരം ഫലംകണ്ടു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പിരാരൂർ മുത്തിച്ചുവട് - മനയ്ക്കപ്പടി പുളിയാമ്പിള്ളി തോട് വൃത്തിയാക്കൽ തുടങ്ങി.

## Article Content

**കാലടി :** കർഷകസംഘം സമരം ഫലംകണ്ടു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പിരാരൂർ മുത്തിച്ചുവട് - മനയ്ക്കപ്പടി പുളിയാമ്പിള്ളി തോട് വൃത്തിയാക്കൽ തുടങ്ങി.

കാലടി പഞ്ചായത്ത് 15–--ാംവാർഡ് പിരാരൂരിൽ മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി നടത്താത്തതിനാല്‍ വെള്ളക്കെട്ടുണ്ടാകുകയും വന്‍കൃഷിനാശം സംഭവിക്കുകയും ചെയ്തു. 5000ത്തോളം ഏത്തവാഴകൾ, കപ്പ, പച്ചക്കറികൾ എന്നിവ നശിച്ചു.

നിരവധി ജാതിമരങ്ങൾ ഇലകൊഴിഞ്ഞ് ഉണങ്ങി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കർഷകർക്ക് ഉണ്ടായത്. കർഷകരെ വഞ്ചിച്ച യുഡിഎഫ് കാലടി പഞ്ചായത്ത്‌ അംഗം അംബിക ബാലകൃഷ്ണൻ രാജിവയ്‌ക്കണമെന്ന് സംഭവസ്ഥലം സന്ദർശിച്ച കർഷകസംഘം നേതാക്കൾ ആവശ്യപ്പെട്ടു.

ഓരോ വാർഡുകളിലെയും മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികൾക്ക് 20,000 രൂപവീതം സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

വാർഡ് ജനപ്രതിനിധി ഈ തുക കൃത്യതയോടെ, സമയബന്ധിതമായി വിനിയോഗിച്ചിരുന്നെങ്കിൽ ഈ ദുരന്തം കർഷകർക്ക് നേരിടേണ്ടിവരില്ലായിരുന്നുവെന്ന് കർഷകസംഘം കുറ്റപ്പെടുത്തി.

വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കുകയും കാർഷികമേഖലയ്ക്ക് ഉത്തേജനം നൽകാനും ജനപ്രതിനിധികൾ തയ്യാറാകണമെന്നും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം എം എൽ ചുമ്മാർ, എം ജെ ജോർജ്, എ കെ വിശ്വംഭരൻ എന്നിവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209062/the-farmers-union-saw-results-cleaning-of-the-ditch-has-started-in-pirarur)