---
title: "#strike | അങ്കമാലി അർബൻ സഹ. സംഘത്തിലെ തട്ടിപ്പ് ; രണ്ടാംഘട്ട സമരപ്രഖ്യാപന സമ്മേളനം നടത്തി"
english_title: "#Angamaly #Urban Co. Fraud in the #gang; The second phase of the #strike #announcement #conference was held"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/209056/angamaly-urban-co-fraud-in-the-gang-the-second-phase-of-the-strike-announcement-conference-was-held"
published_at: "2024-06-01T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665a9c585212d_arban.jpg"
keywords: []
---

# #strike | അങ്കമാലി അർബൻ സഹ. സംഘത്തിലെ തട്ടിപ്പ് ; രണ്ടാംഘട്ട സമരപ്രഖ്യാപന സമ്മേളനം നടത്തി

> **Lead Summary:** അങ്കമാലി : നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കൊള്ളയും നടത്തിയ അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ഭരണസമിതിക്കും കൂട്ടുനിന്ന ജീവനക്കാർക്കും സഹകരണവകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘത്തിനുമുന്നിൽ റിലേ സത്യഗ്രഹവും ഡയറക്ടർബോർഡ്‌ അംഗങ്ങളുടെ വീടുകളിലേക്ക് മാർച്ച് നടത്താനും നിക്ഷേപകരുടെ യോഗം തീരുമാനിച്ചു.

## Article Content

അങ്കമാലി : നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കൊള്ളയും നടത്തിയ അങ്കമാലി അർബൻ സഹകരണ സംഘത്തിലെ ഭരണസമിതിക്കും കൂട്ടുനിന്ന ജീവനക്കാർക്കും സഹകരണവകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘത്തിനുമുന്നിൽ റിലേ സത്യഗ്രഹവും ഡയറക്ടർബോർഡ്‌ അംഗങ്ങളുടെ വീടുകളിലേക്ക് മാർച്ച് നടത്താനും നിക്ഷേപകരുടെ യോഗം തീരുമാനിച്ചു.

സംഘം ഓഫീസിനുമുമ്പിൽ നടന്ന സമരപ്രഖ്യാപന സമ്മേളനം നിക്ഷേപകസംരക്ഷണ സമിതി പ്രസിഡന്റ് പി എ തോമസ് ഉദ്ഘാടനംചെയ്തു.

സഹകരണവകുപ്പ് ആക്ട്‌ 65 പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും മേൽനടപടി സ്വീകരിക്കാത്ത പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സംരക്ഷണസമിതി ആവശ്യപ്പെട്ടു.

സംഘത്തിനുമുന്നിൽ പത്തുമുതൽ റിലേ സത്യഗ്രഹം തുടങ്ങും. ഡയറക്ടർബോർഡ് അംഗം വി ഡി ടോമി വടക്കുഞ്ചേരിയുടെ വീട്ടിലേക്ക് എട്ടിന് മാർച്ചും ധർണയും നടത്തും. സമ്മേളനത്തിൽ സമിതി വൈസ് പ്രസിഡന്റ്‌ സി പി സെബാസ്റ്റ്യൻ അധ്യക്ഷനായി.

സെക്രട്ടറി യോഹന്നാൻ വി കൂരൻ, ട്രഷറർ മാർട്ടിൻ മൂഞ്ഞേലി, പൗലോസ് വടക്കുഞ്ചേരി, ചെറിയാക്കു കൊറ്റമം, കെ വി മാത്യു, ജോസ് സെബാസ്റ്റ്യൻ, എൻസി മഞ്ഞപ്ര തുടങ്ങിയവർ സംസാരിച്ചു. സംഘത്തിൽനിന്ന് 126 കോടി രൂപ വായ്പയായി നൽകിയതിൽ 94 കോടിയോളം രൂപയുടെ ക്രമക്കോട് കണ്ടെത്തിയിട്ടുണ്ട്.

ഇതിൽ 38 കോടിയോളം രൂപയുടെ വായ്പ തിരിച്ചുപിടിക്കാൻ സാധ്യമല്ലെന്ന് അന്വേഷണറിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ വായ്പവിഭാഗത്തിന്റെ ചുമതല പട്ടണത്തിലെ ഐഎൻടിയുസി ചുമട്ടുതൊഴിലാളി കെ ഐ ഷിജുവിനായിരുന്നു.

സംഘം പ്രസിഡന്റ്‌ പി ടി പോളിന്റെ സന്തതസഹചാരിയായിരുന്ന ഷിജുവാണ് വ്യാജരേഖയുണ്ടാക്കി പണം കൈക്കലാക്കിയത്. ഭീമമായ കൊള്ള നടത്തിയ ഇയാൾ കോടതിജാമ്യത്തിൽ നിക്ഷേപകരെ കൊഞ്ഞനംകുത്തി നാട്ടിൽ വിലസുകയാണ്.

ഈ തട്ടിപ്പിനെല്ലാം, മുമ്പുള്ള സഹകരണവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നിട്ടുണ്ട്. തുടക്കംമുതൽ സംഘത്തിലെ ഭരണസമിതി കോൺഗ്രസിന്റേതാണ്. ഇതിനിടയിൽ സംഘം പ്രസിഡന്റ് പി ടി പോളിനെ ആലുവയിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/209056/angamaly-urban-co-fraud-in-the-gang-the-second-phase-of-the-strike-announcement-conference-was-held)