---
title: "#ParavurMunicipality | പറവൂർ നഗരസഭ ; വോട്ടിങ്ങിൽ പരാജയപ്പെട്ട് ഭരണപക്ഷം"
english_title: "#Paravur #Municipality; The #ruling #party #failed in the #voting"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208819/paravur-municipality-the-ruling-party-failed-in-the-voting"
published_at: "2024-05-31T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665953ea1510a_paravur.jpg"
keywords: []
---

# #ParavurMunicipality | പറവൂർ നഗരസഭ ; വോട്ടിങ്ങിൽ പരാജയപ്പെട്ട് ഭരണപക്ഷം

> **Lead Summary:** **പറവൂർ : ** നഗരസഭാ കൗൺസിൽ യോഗത്തിൽ ക്ഷേമകാര്യ സ്ഥിരംസമിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന വോട്ടിങ്ങിൽ ഭരണകക്ഷിയായ കോൺഗ്രസിന് പരാജയം.

## Article Content

**പറവൂർ : ** നഗരസഭാ കൗൺസിൽ യോഗത്തിൽ ക്ഷേമകാര്യ സ്ഥിരംസമിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന വോട്ടിങ്ങിൽ ഭരണകക്ഷിയായ കോൺഗ്രസിന് പരാജയം.

എട്ടിനെതിരെ 10 വോട്ടുകൾക്കാണ് പ്രതിപക്ഷം വിജയിച്ചത്. മഴക്കാലപൂർവ ശുചീകരണം, നഗരത്തിലെ വാർഡുകളിലെ രൂക്ഷമായ വെള്ളക്കെട്ട്, സ്കൂൾ തുറക്കുന്നതിനുമുമ്പ്‌ നടത്തേണ്ട പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് വ്യാഴം പകൽ 11ന് സ്റ്റാറ്റ്യൂറ്ററി കൗൺസിൽ വിളിച്ചത്‌.

എന്നാൽ നഗരസഭ ഉപാധ്യക്ഷൻ, ക്ഷേമ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷർ ഉൾപ്പെടെ ഭരണപക്ഷത്തെ ഭൂരിപക്ഷം കൗൺസിലർമാരും ഹാജരായില്ല.

ഉച്ചയ്‌ക്കുശേഷം ക്ഷേമകാര്യ സ്ഥിരംസമിതിയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകാത്തതിനെ തുടർന്ന് എൽഡിഎഫ് അംഗങ്ങൾ വോട്ടിങ് ആവശ്യപ്പെട്ടു.

ഈ സമയം ഭരണപക്ഷത്ത് നഗരസഭാ അധ്യക്ഷ ഉൾപ്പെടെ ഏട്ടും എൽഡിഎഫിന്റെ എട്ടും ബിജെപിയുടെ ഒന്നും ഒരു സ്വതന്ത്ര കൗൺസിലറുമാണ് ഹാളിലുണ്ടായത്.

പരാജയപ്പെടുമെന്ന് ഉറപ്പായതിനാൽ നഗരസഭാ അധ്യക്ഷ വോട്ടിങ് അനുവദിച്ചില്ല. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഇതിനിടെ ഹാജരല്ലാത്തവരെ വിളിച്ചുവരുത്താനും ഭരണപക്ഷം ശ്രമിച്ചു. വോട്ടിങ് അനുവദിക്കാതെ നഗരസഭാ അധ്യക്ഷ ഉൾപ്പെടെയുള്ളവരെ പുറത്തുകടക്കാൻ അനുവദിക്കില്ലെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കി.

പ്രധാന വാതിൽ പൂട്ടിയശേഷം പ്രതിപക്ഷ കൗൺസിലർമാർ കുത്തിയിരുന്നു. വൈകിട്ട്‌ 4.20ന് യോഗത്തിനെത്തിയ ഉപാധ്യക്ഷൻ എം ജെ രാജു, ഭരണകക്ഷിയിലെ അബ്ദുൾ സലാം എന്നിവരെയും അകത്ത്‌ പ്രവേശിപ്പിച്ചില്ല.

അരമണിക്കൂറിനുശേഷമാണ്‌ ഇവർക്ക്‌ അകത്തുകടക്കാനായത്‌. സ്കൂളുകളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ തയ്യാറായില്ലെന്നും നഗരവും മുഴുവൻ വാർഡുകളും വെള്ളത്തിനടിയിലായത് ഭരണസമിതിയുടെ വീഴ്ചയാണെന്നും പ്രതിപക്ഷനേതാവ് ടി വി നിഥിൻ പറഞ്ഞു.

കോൺഗ്രസ് അംഗങ്ങളും ഭരണവീഴ്ച നിരത്തിയതും ഭരണപക്ഷത്തിന് തിരിച്ചടിയായി. വാർഡിലെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം നിർദേശിച്ചിട്ട് യോഗം തുടങ്ങിയാൽ മതിയെന്ന് രണ്ടാംവാർഡിലെ കോൺഗ്രസ് അംഗം ലൈജി ബിജു ആവശ്യപ്പെട്ടു.

ഒന്നും ചെയ്യാനാകാതെ ചപ്പുചവറ് കൗൺസിലായി ഈ കൗൺസിൽ മാറിയെന്നായിരുന്നു കോൺഗ്രസിലെ അബ്ദുൾ സലാമിന്റെ പരാമർശം.

എം ജെ രാജുവിന്റെ ഹാജരും ചർച്ചയ്‌ക്ക് വഴിയൊരുക്കി. യോഗം ആരംഭിക്കുന്നതിനുമുമ്പ് ഒപ്പിടണമെന്നാണ് നിയമമെന്ന്‌ സെക്രട്ടറി മറുപടി നൽകിയതോടെയാണ്‌ തർക്കം അവസാനിച്ചത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208819/paravur-municipality-the-ruling-party-failed-in-the-voting)