---
title: "#JalJeevan | കൂത്താട്ടുകുളത്ത് ജൽ ജീവൻ പദ്ധതിക്കായി കരിങ്കൽക്കെട്ട്  പൊളിച്ചു; റോഡ് അപകടാവസ്ഥയിൽ"
english_title: "#Karinkalkattu #demolished for #JalJeevan #project in #Koothattukulam; In case of #road #accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208815/karinkalkattu-demolished-for-jaljeevan-project-in-koothattukulam-in-case-of-road-accident-new"
published_at: "2024-05-31T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659509e8b42e_jaljeevan.jpg"
keywords: []
---

# #JalJeevan | കൂത്താട്ടുകുളത്ത് ജൽ ജീവൻ പദ്ധതിക്കായി കരിങ്കൽക്കെട്ട്  പൊളിച്ചു; റോഡ് അപകടാവസ്ഥയിൽ

> **Lead Summary:** കൂത്താട്ടുകുളം : മണ്ണത്തൂരിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച കരിങ്കൽക്കെട്ട് പുനർനിർമിക്കാത്തതുമൂലം റോഡ് അപകടാവസ്ഥയിൽ.

## Article Content

കൂത്താട്ടുകുളം : മണ്ണത്തൂരിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച കരിങ്കൽക്കെട്ട് പുനർനിർമിക്കാത്തതുമൂലം റോഡ് അപകടാവസ്ഥയിൽ.

എട്ടുമാസംമുമ്പാണ് തിരുമാറാടി പഞ്ചായത്ത് രണ്ടാംവാർഡ് അത്താണി–പൊടിപാറ റോഡിലെ മണ്ടോളിൽത്താഴം ഭാഗത്ത് പൈപ്പിടുന്നതിനായി 15 അടി ഉയരത്തിലുള്ള കരിങ്കൽക്കെട്ട് അഞ്ചു മീറ്റർ നീളത്തിൽ പൊളിച്ചത്.

മഴയത്ത് കരിങ്കൽക്കെട്ടിനടിയിലെ മണ്ണ് ഒലിച്ചുപോയി മുകളിൽ ടാറിങ് മാത്രമായ അവസ്ഥയാണ്. ഏതുസമയത്തും റോഡ് ഇടിയാം. നിരവധി വാഹനങ്ങളും കാൽനടയാത്രികരും യാത്ര ചെയ്യുന്ന വഴിയാണിത്. സ്കൂൾ തുറക്കുന്നതോടെ നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി കടന്നുപോകും.

വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനും ഭാരവാഹനങ്ങൾക്ക് കടന്നുപോകുന്നതിനും ബുദ്ധിമുട്ടാണ്. നിരവധിതവണ പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഈ കെട്ട് പുനർനിർമിക്കുന്നതിനുവേണ്ടി ജല അതോറിറ്റി തയ്യാറായിട്ടില്ല.

പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, സ്ഥിരംസമിതി അധ്യക്ഷരായ അനിത ബേബി, സാജു ജോൺ, അംഗം കെ കെ രാജ്‌കുമാർ, സെക്രട്ടറി പി പി റെജിമോൻ, എൻജിനിയർ അനീഷ് സത്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്‌, മന്ത്രി റോഷി അഗസ്റ്റിന് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208815/karinkalkattu-demolished-for-jaljeevan-project-in-koothattukulam-in-case-of-road-accident-new)