---
title: "#risingsea | കടൽകയറ്റം രൂക്ഷം;തീരപ്രദേശത്തെ ജനജീവിതം ദുസ്സഹമാകുന്നു  "
english_title: "The #rising #sea is #severe; the life of the #people in the #coastal area is #becoming #difficult"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208813/the-rising-sea-is-severe-the-life-of-the-people-in-the-coastal-area-is-becoming-difficult"
published_at: "2024-05-31T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66594fc03f9a8_sea.jpg"
keywords: []
---

# #risingsea | കടൽകയറ്റം രൂക്ഷം;തീരപ്രദേശത്തെ ജനജീവിതം ദുസ്സഹമാകുന്നു  

> **Lead Summary:** വൈപ്പിൻ / പള്ളുരുത്തി : തോരാമഴയെത്തുടർന്ന് കടൽക്ഷോഭവും ശക്തമായി. കരകവിഞ്ഞൊഴുകുന്ന കടൽവെള്ളം തീരപ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുകയാണ്.

## Article Content

വൈപ്പിൻ / പള്ളുരുത്തി : തോരാമഴയെത്തുടർന്ന് കടൽക്ഷോഭവും ശക്തമായി. കരകവിഞ്ഞൊഴുകുന്ന കടൽവെള്ളം തീരപ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുകയാണ്.

വ്യാഴം വൈകിട്ട് ഉണ്ടായ കടൽകയറ്റത്തിൽ എടവനക്കാട്, പഴങ്ങാട്, കുഴുപ്പിള്ളി മേഖലയിലെ തീരപ്രദേശത്ത് പലയിടത്തും വെള്ളംകയറി. തീരദേശ റോഡിലെത്തിയ കടൽവെള്ളം ഇടറോഡുകളിലേക്കും പറമ്പുകളിലേക്കും തീരദേശത്തെ വീടുകളിലേക്കും കയറി.

ചെളിയും മണ്ണും വീടിനകത്ത് അടിഞ്ഞുകൂടിയതുമൂലം തീരവാസികൾ ദുരിതത്തിലാണ്. മഴ ശക്തമാകുന്നതോടെ തീരദേശ മേഖലയിലുള്ളവർ ക്യാമ്പുകളിലേക്ക് മാറേണ്ടിവരും. നായരമ്പലം വെളിയത്താംപറമ്പ് തീരത്ത് കടൽകയറ്റം കഴിഞ്ഞദിവസത്തേക്കാൾ കുടുതലാണ്.

വെള്ളം കരയിലേക്ക് റോഡിലൂടെ ഒഴുകുകയാണ്. വീടുകളിലേക്ക് കയറാനും സാധ്യതയുണ്ട്. കണ്ണമാലിയിലും കടലാക്രമണം രൂക്ഷമായി. കമ്പനിപ്പടി, കണ്ണമാലി, ചെറിയകടവ് പ്രദേശങ്ങളിലാണ് കടലാക്രമണം നേരിട്ടത്. വ്യാഴം പകൽ 1.30 ഓടെയാണ് കടൽകയറാൻ തുടങ്ങിയത്.

കടൽഭിത്തി ഇല്ലാത്ത പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്‌. തീരപ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. ടെട്രാപോഡ് കടൽഭിത്തി നിർമിച്ച ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള പ്രദേശത്ത്‌ കടൽ ശാന്തമാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208813/the-rising-sea-is-severe-the-life-of-the-people-in-the-coastal-area-is-becoming-difficult)