---
title: "#arrest | യുവാവിനെ വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയ സംഭവം, രണ്ട് പേർ അറസ്റ്റിൽ"
english_title: "The #incident of #abducting a #young #man from his #house, two #people were #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208314/the-incident-of-abducting-a-young-man-from-his-house-two-people-were-arrested"
published_at: "2024-05-29T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656ad6d4e7c1_arrest.jpg"
keywords: []
---

# #arrest | യുവാവിനെ വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** ചെര്‍പ്പുളശ്ശേരി: കടം വാങ്ങിയ തുക തിരികെ ലഭിക്കാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

## Article Content

ചെര്‍പ്പുളശ്ശേരി: കടം വാങ്ങിയ തുക തിരികെ ലഭിക്കാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

നെല്ലായ എഴുവന്തല കളത്തില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫയെ (40) തട്ടിക്കൊണ്ടുപോയ കേസില്‍ മലപ്പുറം വളാഞ്ചേരി കര്‍പ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ജലീല്‍ (36),ഇയാളുടെ സഹായിയും ഇതരസംസ്ഥാന തൊഴിലാളിയുമായ നജ്മൂല്‍ ഹഖ് (20) എന്നിവരെയാണ് ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.

മേയ് 26-ന് രാത്രി 11.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് മുസ്തഫയെ എഴുവന്തലയിലെ വീട്ടില്‍നിന്നു വിളിച്ചിറക്കിയശേഷമാണ് തട്ടിക്കൊണ്ടുപോയത്.

തന്റെ പക്കല്‍നിന്നു കടമായി വാങ്ങിയ അരലക്ഷം രൂപ തിരികെത്തന്നാല്‍ മാത്രമേ മുഹമ്മദ് മുസ്തഫയെ വിട്ടുനല്‍കുകയുള്ളൂ എന്നും പോലീസില്‍ അറിയിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുഹമ്മദ് ജലീല്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാര്‍ പറയുന്നു.

മുഹമ്മദ് മുസ്തഫയുടെ അനുജന്‍ അമാനുള്ള ഇബ്രാഹിം സംഭവത്തെപ്പറ്റി ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരെയും ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തു.

ചെര്‍പ്പുളശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ മുസ്ലിയാര്‍, എസ്.ഐ. അരുണ്‍, സി.പി.ഒ.മാരായ രാജേഷ്, അരുണ്‍ദാസ്, ദീപു ഉണ്ണിത്താന്‍ രാജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208314/the-incident-of-abducting-a-young-man-from-his-house-two-people-were-arrested)