---
title: "#heavyrain | കളമശേരിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന്‌ പെയ്ത അതിതീവ്ര മഴയിൽ  300 വീട് വെള്ളത്തിൽ"
english_title: "300 #houses #flooded due to #heavyrain after #cloudburst in #Kalamasery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/208300/300-houses-flooded-due-to-heavyrain-after-cloudburst-in-kalamasery"
published_at: "2024-05-29T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656a3f3356ca_flood.jpg"
keywords: []
---

# #heavyrain | കളമശേരിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന്‌ പെയ്ത അതിതീവ്ര മഴയിൽ  300 വീട് വെള്ളത്തിൽ

> **Lead Summary:** **കളമശേരി :** കളമശേരിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന്‌ പെയ്ത അതിതീവ്ര മഴയിൽ വ്യാപക നാശനഷ്ടവും ദുരിതവും.

## Article Content

**കളമശേരി :** കളമശേരിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന്‌ പെയ്ത അതിതീവ്ര മഴയിൽ വ്യാപക നാശനഷ്ടവും ദുരിതവും.

മൂന്നുമണിക്കൂറോളം നീണ്ട മഴ, കഴിഞ്ഞ പ്രളയകാലത്തുപോലും വെള്ളം കയറിയിട്ടില്ലാത്ത വീടുകളും റോഡുകളും വെള്ളത്തിലാഴ്ത്തി. വിവിധ വാർഡുകളിലായി മുന്നൂറോളം വീടുകളിൽ വെള്ളം കയറി. എച്ച്എംടി ഹൈസ്കൂളിലും കളമശേരി ഹൈസ്കൂളിലും ദുരിതാശ്വാസക്യാമ്പ്‌ ആരംഭിച്ചു.

തോടുകൾ നിറഞ്ഞൊഴുകി റോഡുകളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായി. പലയിടത്തും മരം മറിയുകയും മതിലിടിയുകയും ചെയ്തു. ഉച്ചവരെ വീടുകളിൽനിന്ന് പുറത്തിറങ്ങാനാകാതെ ആളുകൾ വലഞ്ഞു. ദേശീയപാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.

ഗോഡൗണുകളും വാഹന ഗ്യാരേജുകളും വെള്ളത്തിലായി. പലരും വീടുകളിലും മറ്റുമുള്ള വാഹനങ്ങൾ ഉയർന്ന പ്രദേശത്തേക്ക് മാറ്റി. കളമശേരിയിൽ കണ്ടെയ്നർ ടെർമിനൽ റോഡ് തുടങ്ങുന്ന കവലയിൽ അരയ്ക്കാെപ്പം വെള്ളമുയർന്നു.

വീടുകളിൽ മണിക്കൂറുകൾക്കുശേഷമാണ് വെള്ളമൊഴിഞ്ഞത്. പലവീടുകളിലും മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒഴുകിയെത്തി. ഇതേത്തുടർന്ന്‌ 20 കുടുംബങ്ങളെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/208300/300-houses-flooded-due-to-heavyrain-after-cloudburst-in-kalamasery)