---
title: "#Ramamangalam | രാമമംഗലം പഞ്ചായത്ത് ഓഫീസിൽ  അനധികൃത നിർമാണം"
english_title: "#Illegal #construction in #Ramamangalam #Panchayat #office"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207820/illegal-construction-in-ramamangalam-panchayat-office"
published_at: "2024-05-27T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665404fa89e77_raammagalam.jpg"
keywords: []
---

# #Ramamangalam | രാമമംഗലം പഞ്ചായത്ത് ഓഫീസിൽ  അനധികൃത നിർമാണം

> **Lead Summary:** **പിറവം :** രാമമംഗലം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ കെട്ടിടനിർമാണച്ചട്ടം പാലിക്കാതെ നിർമാണം നടക്കുന്നതായി പരാതി.

## Article Content

**പിറവം :** രാമമംഗലം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ കെട്ടിടനിർമാണച്ചട്ടം പാലിക്കാതെ നിർമാണം നടക്കുന്നതായി പരാതി.

പഞ്ചായത്തിലെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ വരുന്ന പൊതുജനങ്ങളും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന താൽക്കാലിക വരാന്തയാണ് മറച്ചുകെട്ടി കെട്ടിടത്തിന്റെ ഭാഗമാക്കി അനധികൃത നിർമാണം.

റോഡരികുമുതൽ പ്രധാന കെട്ടിടത്തിന്റെ ഭാഗമാക്കാനുള്ള നിർമാണമാണ് നടക്കുന്നത്. പെരുംതൃക്കോവിൽ ക്ഷേത്രത്തിലേക്കും പരിസരവാസികൾക്കും പഞ്ചായത്തിനുമുന്നിലെ റോഡിൽ പാർക്കിങ് ബുദ്ധിമുട്ടായി വന്നപ്പോൾ 2021ൽ സിപിഐ എം പഞ്ചായത്തിൽ പരാതി നൽകിയാണ് വരാന്ത താൽക്കാലിക പാർക്കിങ് ആക്കി മാറ്റിയത്.

വരാന്ത മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ക്ഷേത്ര റോഡിൽ വീണ്ടും പാർക്കിങ് തുടങ്ങുകയും ഗതാഗതതടസ്സം നിത്യസംഭവമായി മാറുകയും ചെയ്തു. കെട്ടിടനിർമാണ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഉദ്യോഗസ്ഥർ നടത്തിയിരിക്കുന്നത്.

സാധാരണക്കാർ വീട് പണിയുമ്പോൾ റോഡിലേക്കുള്ള അകലം പാലിക്കാൻ അതീവശ്രദ്ധ കാണിക്കുന്നവരാണ് പഞ്ചായത്തിൽ അനധികൃത നിർമാണത്തിനുപിന്നിൽ.

യുഡിഎഫ് ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്താശയോടെയുള്ള അനധികൃത നിർമാണം അടിയന്തരമായി പൊളിച്ചുമാറ്റണമെന്നും പെരുംതൃക്കോവിൽ ക്ഷേത്ര റോഡിലെ പാർക്കിങ്‌ അവസാനിപ്പിച്ച് ഗതാഗതതടസ്സം പരിഹരിക്കണമെന്നും സിപിഐ എം രാമമംഗലം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് പഞ്ചായത്തിന് രേഖാമൂലം പരാതി നൽകിയതായും അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ലോക്കൽ സെക്രട്ടറി സുമിത് സുരേന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207820/illegal-construction-in-ramamangalam-panchayat-office)