---
title: "#Protest | പൂതക്കുഴിയിൽ മണ്ണെടുപ്പും  നികത്തലും; പ്രതിഷേധം വ്യാപകം"
english_title: "#Excavation and #backfilling of #pits; #Protests are #widespread"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207692/excavation-and-backfilling-of-pits-protests-are-widespread"
published_at: "2024-05-26T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652ebf27e962_slides.jpg"
keywords: []
---

# #Protest | പൂതക്കുഴിയിൽ മണ്ണെടുപ്പും  നികത്തലും; പ്രതിഷേധം വ്യാപകം

> **Lead Summary:** **പെരുമ്പാവൂർ :** അശമന്നൂർ ഉദയ കവലയ്ക്കുസമീപം പൂതക്കുഴിയിലെ ഉയർന്ന പ്രദേശത്തുനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തി പ്ലൈവുഡ് കമ്പനി സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമായതോടെ കുറുപ്പംപടി പൊലീസ്‌ എത്തി മണ്ണുമാന്തിയന്ത്രവും ടിപ്പർലോറിയും പിടിച്ചെടുത്തു.

## Article Content

**പെരുമ്പാവൂർ :** അശമന്നൂർ ഉദയ കവലയ്ക്കുസമീപം പൂതക്കുഴിയിലെ ഉയർന്ന പ്രദേശത്തുനിന്ന് മണ്ണെടുത്ത് താഴ്ന്നപ്രദേശങ്ങൾ നികത്തി പ്ലൈവുഡ് കമ്പനി സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമായതോടെ കുറുപ്പംപടി പൊലീസ്‌ എത്തി മണ്ണുമാന്തിയന്ത്രവും ടിപ്പർലോറിയും പിടിച്ചെടുത്തു.

പൂതക്കുഴി ലിഫ്റ്റ് ഇറിഗേഷൻ, എസ്‌സി കോളനി, പനവേലിച്ചിറ, പാടശേഖരം എന്നിവയോടുചേർന്ന ഉയർന്ന പ്രദേശത്തുനിന്ന് മണ്ണെടുത്താണ്‌ താഴ്ന്നഭാഗം നികത്തി പ്ലൈവുഡ് ഫാക്ടറി തുടങ്ങാൻ നീക്കം നടത്തുന്നത്.

പാടശേഖരം ഉൾപ്പെടെ നിലമായി കിടക്കുന്ന സ്ഥലങ്ങൾ നികത്താൻ തുടങ്ങിയതോടെ മൂന്നുമാസംമുമ്പ് സ്ഥലം സന്ദർശിച്ച് വില്ലേജ് ഓഫീസർ സ്റ്റോപ്പ്മെമ്മോ നൽകിയിരുന്നു. എന്നാൽ, അത്‌ അവഗണിച്ചാണ് നികത്തൽ. പഞ്ചായത്തും ഉടമയ്ക്ക് സ്റ്റോപ്പ്മെമ്മോ നൽകിയിട്ടുണ്ട്.

രണ്ടര ഏക്കറിൽനിന്ന്‌ മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പിന്റെ അംഗീകാരമില്ലാതെയാണ് മണ്ണെടുത്ത് താഴ്ന്നഭാഗം നികത്തുന്നത്. കൊട്ടച്ചിറ, പൂതക്കുഴി ഉൾപ്പെടുന്ന സമീപപ്രദേശങ്ങളിലെ നാലു വാർഡുകളിലായി 28 ഫാക്ടറികൾ തുടങ്ങാനാണ് നീക്കം.

വൻതോതിൽ മണ്ണെടുക്കുന്നതുമൂലം പൂതച്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അവതാളത്തിലാണ്. മണ്ണെടുക്കുന്ന പൂതക്കുഴി കുന്നിന് താഴെ 38 കുടുംബങ്ങൾ താമസിക്കുന്ന എസ്‌സി കോളനിയിൽ 18 വീടുകൾമാത്രമാണ് ബാക്കിയുള്ളത്.

ബാക്കിയുള്ള സ്ഥലങ്ങൾ ഭീതിമൂലം മണ്ണെടുക്കുന്നവർക്ക് കൈമാറി. പ്ലൈവുഡ് കമ്പനിക്കെതിരെ നാട്ടുകാർ കർമസമിതി രൂപീകരിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207692/excavation-and-backfilling-of-pits-protests-are-widespread)