---
title: "#landslides | തുതിയൂർ ആനമുക്കിൽ മ​ണ്ണി​ടി​ഞ്ഞ്‌ എട്ട്‌ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യിൽ"
english_title: "#Eight #houses in a #state of #emergency #due to #landslides in #Tuthiyur #Anamuk"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207690/eight-houses-in-a-state-of-emergency-due-to-landslides-in-tuthiyur-anamuk"
published_at: "2024-05-26T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652ead57f199_land.jpg"
keywords: []
---

# #landslides | തുതിയൂർ ആനമുക്കിൽ മ​ണ്ണി​ടി​ഞ്ഞ്‌ എട്ട്‌ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യിൽ

> **Lead Summary:** **തൃക്കാക്കര :** ക​ന​ത്തമ​ഴ​യി​ൽ കാക്കനാട് തുതിയൂർ ആനമുക്കിൽ മ​ണ്ണി​ടി​ഞ്ഞ്‌ എട്ട്‌ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യിൽ.

## Article Content

**തൃക്കാക്കര :** ക​ന​ത്തമ​ഴ​യി​ൽ കാക്കനാട് തുതിയൂർ ആനമുക്കിൽ മ​ണ്ണി​ടി​ഞ്ഞ്‌ എട്ട്‌ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യിൽ.

തുതിയൂർ ആനമുക്ക് ഗ്രന്ഥശാലയ്ക്കുപിന്നിൽ താമസിക്കുന്ന വീട്ടുകാരാണ് മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്നത്. വെള്ളിയാഴ്‌ച രാത്രിയുണ്ടായ അ​തിശ​ക്ത​മാ​യ മ​ഴ​യെത്തുടർന്ന് ശനിയാഴ്‌ച പുലർച്ചെയാണ്‌ മ​ണ്ണി​ടിഞ്ഞതെന്ന്‌ വീട്ടുകാർ പറഞ്ഞു.

തൊട്ടടുത്ത പറമ്പിൽനിന്ന്‌ 30 അടി ഉയരത്തിലുള്ള തിട്ടകളാണ് താഴേക്ക് ഇടിഞ്ഞുതാഴ്ന്നത്. കണിയാമോളത്ത് ഹരീഷ്, പകോതിപറമ്പിൽ സേവ്യർ, പള്ളിപ്പറമ്പിൽ പീറ്റർ എന്നിവരുടെ വീടിനോടുചേർന്നുള്ള ഭാഗത്താണ് കൂടുതൽ മണ്ണിടിഞ്ഞത്.

ഇതുമൂലം വീടുകളുടെ ഒരുഭാഗം ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്. കുട്ടികളും പ്രായമായവരുമടക്കം മുപ്പതോളം പേരാണ് ഭീതിയോടെ വീടുകളിൽ കഴിയുന്നത്. നഗരസഭാ അധ്യക്ഷ രാധാമണിപിള്ള, പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

കാക്കനാട് വില്ലേജ് ഓഫീസ് അധികൃതരും പ്രദേശത്തെത്തി. വ്യക്തികളുടെ സ്ഥലത്ത് സംരക്ഷണഭിത്തി നിർമിക്കാൻ നഗരസഭയ്‌ക്കാകില്ലെന്ന് നഗരസഭാധ്യക്ഷ അറിയിച്ചു.

സംരക്ഷണഭിത്തി കെട്ടി വീടുകൾ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് ദുരന്തനിവാരണസമിതിക്കുമുന്നിൽ ദുരിതബാധിതർ അപേക്ഷ നൽകി.

ദുരിതം നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനെക്കുറിച്ച് ജില്ലാ ദുരന്തനിവാരണ സമിതി പരിശോധിക്കുന്നുണ്ട്‌. കുടുംബങ്ങൾക്കുവേണ്ട സഹായം എത്തിക്കാൻ വില്ലേജ് ഓഫീസറോട് സമിതി നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207690/eight-houses-in-a-state-of-emergency-due-to-landslides-in-tuthiyur-anamuk)