---
title: "#SialHajj | സിയാൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "#Preparations for #SialHajj #camp are #complete"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207183/preparations-for-sialhajj-camp-are-complete"
published_at: "2024-05-24T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664fe52ecd423_hajj.jpg"
keywords: []
---

# #SialHajj | സിയാൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **നെടുമ്പാശേരി :** സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശേരിയിൽ സജ്ജമാക്കിയ സിയാൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

## Article Content

**നെടുമ്പാശേരി :** സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ നെടുമ്പാശേരിയിൽ സജ്ജമാക്കിയ സിയാൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

ക്യാമ്പിന്റെ ഒരുക്കങ്ങൾ വ്യവസായമന്ത്രി പി രാജീവ് വിലയിരുത്തി. നെടുമ്പാശേരിനിന്ന്‌ 26ന് പകൽ 12.10നാണ് ആദ്യ വിമാനം. സൗദി എയർലൈൻസിന്റെ എസ്‌വി 3783 നമ്പർ വിമാനത്തിൽ 279 തീർഥാടകരാണ് യാത്ര തിരിക്കുക. 3.40ന് വിമാനം ജിദ്ദയിലെത്തും.

ആദ്യ വിമാനത്തിൽ പുറപ്പെടേണ്ട സ്‌ത്രീകൾ ഉൾപ്പെടെയുള്ള തീർഥാടകർ ശനി രാവിലെ ഒമ്പതിന് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന് സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് മുഹസിൻ എംഎൽഎ, ജനറൽ കൺവീനർ എ സഫർ കയാൽ എന്നിവർ അറിയിച്ചു.

തീർഥാടകരുടെ സുരക്ഷയ്‌ക്കും ഗതാഗത നിയന്ത്രണങ്ങൾക്കുമായി വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പിലും പൊലീസ് സേനയെ വിന്യസിപ്പിക്കും. ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് ഇത്തവണ ഹജ്ജിന്‌ പോകുന്നത്‌. ഇതിൽ കൊച്ചിയിൽനിന്ന്‌ 4273 പേരുണ്ട്‌.

ക്യാമ്പിലെത്തിയ മന്ത്രി പി രാജീവിനെ ഹജ്ജ് കമ്മിറ്റി അംഗം എ സഫർ കയാൽ, എയർപോർട്ട് ഡയറക്ടർ ജി മനു, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ വി സുനിൽ, എം കെ ബാബു, പി എം സഹീർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207183/preparations-for-sialhajj-camp-are-complete)