---
title: "#heavyrain | വെള്ളക്കെട്ടിൽ പറവൂരിൽ  പല പ്രദേശങ്ങളും പ്രളയസമാനം"
english_title: "In #Vellkattu, #Paravur, many #areas are #flood-like"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207177/in-vellkattu-paravur-many-areas-are-flood-like"
published_at: "2024-05-24T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664fdfa5c6cc8_heavyrain.jpg"
keywords: []
---

# #heavyrain | വെള്ളക്കെട്ടിൽ പറവൂരിൽ  പല പ്രദേശങ്ങളും പ്രളയസമാനം

> **Lead Summary:** **പറവൂർ : ** ദേശീയപാത 66 നിർമാണപ്രവർത്തനങ്ങളെത്തുടർന്ന് തോടുകൾ അടഞ്ഞതോടെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.

## Article Content

**പറവൂർ : ** ദേശീയപാത 66 നിർമാണപ്രവർത്തനങ്ങളെത്തുടർന്ന് തോടുകൾ അടഞ്ഞതോടെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.

മൂത്തകുന്നംമുതൽ ചെറിയപ്പിള്ളിവരെ ഇരുനൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിന്റെ പിടിയിലായി. പല റോഡുകളും വെള്ളംനിറഞ്ഞ് സഞ്ചാരം തടസ്സപ്പെട്ടതോടെ പ്രളയസമാനമായ സ്ഥിതിയാണ് ഈ പ്രദേശങ്ങളിൽ.

ദേശീയപാത നിർമാണത്തിനുമുമ്പായി നിലവിലെ തോടുകളിൽ വലിയ ആസ്ബസ്‌റ്റോസ് കുഴലുകളിട്ട് വെള്ളം പോകുന്നതിന് താൽക്കാലിക സംവിധാനം ഉണ്ടാക്കിയിരുന്നെങ്കിലും പണി തുടങ്ങിയതോടെ ഈ സംവിധാനങ്ങളാകെ ചെളി അടിഞ്ഞനിലയിലാണ്.

മഴക്കാലത്തിനുമുമ്പായി വെള്ളം ഒഴുകിപ്പോകുന്നതിന് സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്ന് ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർ വി ഇ അബ്ബാസ്, ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മാനേജർ ജോൺ ജീവൻ, ഓറിയന്റൽ കമ്പനി പ്രോജക്ട്‌ മാനേജർ രാം മോഹനൻ ശർമ എന്നിവരും ജനപ്രതിനിധികളും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു.

ഇതിലുണ്ടായ താൽക്കാലിക പരിഹാര മാർഗനിർദേശങ്ങൾ നടപ്പാക്കാനിരിക്കെയാണ് ബുധൻ രാത്രി തീവ്രമഴ പെയ്തത്. വ്യാഴാഴ്‌ച നേരംപുലർന്നതോടെ പല പ്രദേശങ്ങളും വെള്ളം നിറഞ്ഞു.

മുറവൻത്തുരുത്തിൽ കല്ലറയ്ക്കൽ സരളയും മകളും രണ്ടുകുട്ടികളുമടങ്ങുന്ന ചെറിയവീടിന്റെ വരാന്തവരെ വെള്ളം കയറിയതോടെ ഇവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായി. താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടുമിക്ക വീടുകളും വെള്ളക്കെട്ട് ഭീഷണിയിലാണ്.

തുരുത്തിപ്പുറം -മടപ്ലാതുരുത്ത് റോഡും പരിസരവും വെള്ളം ഉയർന്ന് സഞ്ചാരം തടസ്സപ്പെട്ടു. മുനമ്പം കവലയിൽ പഴയ ദേശീയപാതയിലും വെള്ളക്കെട്ടുണ്ടായി. ഇതേത്തുടർന്ന് കുറേസമയം ഗതാഗതക്കുരുക്കുണ്ടായി.

പുതിയകാവിലും ആളംതുരുത്തിലും വീടിന്റെ വരാന്തവരെ വെള്ളമെത്തി. ദേശീയപാത അധികൃതർ പരിഹാരശ്രമങ്ങൾ ആരംഭിച്ചെങ്കിലും താമസം നേരിട്ടതിനാൽ, പ്രശ്നബാധിത പഞ്ചായത്തുകളോട് പരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇതിന് ചെലവാകുന്ന തുക ദേശീയപാത അധികൃതർ വഹിച്ചുകൊള്ളാമെന്ന ഉറപ്പിൽ പല പഞ്ചായത്തുകളിലും പരിഹാരനടപടി തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207177/in-vellkattu-paravur-many-areas-are-flood-like)