---
title: "#amballur | റോഡ് നിർമാണത്തിൽ അപാകത;ആമ്പല്ലൂർ നാലുംകൂടിയ കവലയിൽ വെള്ളക്കെട്ട് രൂക്ഷമായി"
english_title: "#Defect in the #construction of the #road; #waterlogging #worsened at the intersection of #Amballur #four"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207175/defect-in-the-construction-of-the-road-waterlogging-worsened-at-the-intersection-of-amballur-four"
published_at: "2024-05-24T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664fdedc6a4b0_amballur.jpg"
keywords: []
---

# #amballur | റോഡ് നിർമാണത്തിൽ അപാകത;ആമ്പല്ലൂർ നാലുംകൂടിയ കവലയിൽ വെള്ളക്കെട്ട് രൂക്ഷമായി

> **Lead Summary:** **പിറവം :** ആമ്പല്ലൂർ നാലുംകൂടിയ കവലയിൽ വെള്ളക്കെട്ട് രൂക്ഷമായി.

## Article Content

**പിറവം :** ആമ്പല്ലൂർ നാലുംകൂടിയ കവലയിൽ വെള്ളക്കെട്ട് രൂക്ഷമായി.

ആരക്കുന്നം–-ആമ്പല്ലൂർ കെഎസ്ടിപി റോഡ് നിർമാണത്തിന്റെ ഭാഗമായി കാന പൂർണമായും അടച്ച് ടാറിങ് നടത്തിയതാണ് വെള്ളക്കെട്ടിന് കാരണം. ടാറിങ് നടത്തിയടച്ച റോഡിന് അടിയിലൂടെയുള്ള കലുങ്ക് വ്യാഴം വൈകിട്ടോടെ തുറന്നുനൽകി.

ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ശക്തമായ സമ്മർദത്തെ തുടർന്നാണ് കെഎസ്ടിപി അധികൃതർ ജെസിബി ഉപയോഗിച്ച് തുറന്നുനൽകിയത്. രണ്ടുദിവസമായി പെയ്ത മഴയിൽ പ്രധാന റോഡും സൂര്യ ഗ്യാസ് ഗോഡൗൺ, മാന്തുരുത്തൽ പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന ആമ്പല്ലൂർ മാന്തുരുത്തേൽ റോഡും വെള്ളത്തിനടിയിലായി.

ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ടു വർഷംമുമ്പ് നിർമിച്ച മാന്തുരുത്തേൽ റോഡിന് കാനകളുണ്ട്. വെള്ളം ഈ റോഡിലെ കാനയിലൂടെ ഒഴുകി നാലുംകൂടിയ കവലയിലൂടെ കടന്നുപോകുന്ന മുളന്തുരുത്തി–--തലയോലപ്പറമ്പ് റോഡിലെ കലുങ്കിലൂടെ ഒഴുകി കിഴക്കോട്ട് പാടശേഖരങ്ങളിലേക്കും തോടുകളിലേക്കും പോയിരുന്നു.

കലുങ്ക് മൂടി നിർമാണം നടത്തിയശേഷം പെയ്ത ആദ്യ മഴയിൽത്തന്നെ പ്രദേശം ചെളിക്കുണ്ടായി. നിർമാണവേളയിൽ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യം രേഖാമൂലം കെഎസ്ടിപി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി കൺവീനർ ടി കെ മോഹനൻ പറഞ്ഞു.

പരാതിയെത്തുടർന്ന് ഫെബ്രുവരി അഞ്ചിന് എക്സി. എൻജിനിയറും കരാറുകാരന്റെ പ്രതിനിധികളും റോഡ് സന്ദർശിച്ചു. കാന ഉണ്ടാക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. വീണ്ടും പരാതി നൽകിയപ്പോൾ മാർച്ചിൽ ഇതേ ഉദ്യോഗസ്ഥർ വീണ്ടും സ്ഥലം സന്ദർശിച്ച് ഉറപ്പ് നൽകി.

കാന നിർമിച്ചാൽ റോഡിന് വീതി കുറയുമെന്നാണ് ഇപ്പോൾ പറയുന്ന ന്യായം. ഐറിഷ് കാനപോലുള്ള മാർഗങ്ങൾ സ്വീകരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് വാർഡ് അംഗം ബീന മുകുന്ദനും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207175/defect-in-the-construction-of-the-road-waterlogging-worsened-at-the-intersection-of-amballur-four)