---
title: "#WytilaHub | വൈറ്റില ഹബ്ബ്‌ നവീകരണം ഈയാഴ്‌ച പൂർത്തിയാകും"
english_title: "The #WytilaHub #upgrade will be #completed this #week"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/205318/the-wytilahub-upgrade-will-be-completed-this-week"
published_at: "2024-05-15T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644386c1cf53_hub.jpg"
keywords: []
---

# #WytilaHub | വൈറ്റില ഹബ്ബ്‌ നവീകരണം ഈയാഴ്‌ച പൂർത്തിയാകും

> **Lead Summary:** **കൊച്ചി :** വൈറ്റില മൊബിലിറ്റി ഹബ്ബിലെ റോഡ്‌ നവീകരണവും വെള്ളക്കെട്ട്‌ നിവാരണ ജോലികളും ഈയാഴ്‌ചയോടെ പൂർത്തിയാകുമെന്ന്‌ കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ (സിഎസ്‌എംഎൽ).

## Article Content

**കൊച്ചി :** വൈറ്റില മൊബിലിറ്റി ഹബ്ബിലെ റോഡ്‌ നവീകരണവും വെള്ളക്കെട്ട്‌ നിവാരണ ജോലികളും ഈയാഴ്‌ചയോടെ പൂർത്തിയാകുമെന്ന്‌ കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ (സിഎസ്‌എംഎൽ).

ബസ്‌ ഓപ്പറേറ്റർമാർക്കും യാത്രികർക്കും അസൗകര്യമാകുംവിധം നവീകരണജോലികൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട്‌ കരാറുകാരന്‌ കത്ത് നൽകിയതായി സിഎസ്‌എംഎൽ അധികൃതർ പറഞ്ഞു.

നവീകരണജോലി പൂർത്തിയാകാത്തതിനാൽ വൈറ്റില ഹബ്ബും പരിസരവും യാത്രികർക്കും വാഹനങ്ങൾക്കും ഉപയോഗിക്കാനാകാത്ത അവസ്ഥയിലായതിനെതിരെ വിവിധ കോണുകളിൽനിന്ന്‌ പ്രതിഷേധമുയർന്നിരുന്നു. ഹബ്ബിലെ റോഡും പ്രവേശനകവാടവും കട്ടവിരിക്കലും വെള്ളക്കെട്ട്‌ നിവാരണത്തിന്‌ കൽവർട്ടും കാനകളും നിർമിക്കുന്ന ജോലികളുമാണ്‌ നവീകരണത്തിന്റെ ഭാഗമായി നടക്കുന്നത്‌.

ആറുമാസത്തിലേറെയായി നിർമാണമാരംഭിച്ചിട്ട്‌. കാനയുടെയും കൽവർട്ടിന്റെയും നിർമാണവും കട്ടവിരിക്കലും ഇനിയും പൂർത്തിയായിട്ടില്ല. വേനൽമഴ ആരംഭിച്ചതോടെ യാത്രാക്ലേശം ഇരട്ടിയായതോടെയാണ്‌ പ്രതിഷേധം ഉയർന്നത്‌.

പ്രവേശനകവാടത്തിലെ റോഡ്‌ നിർമാണത്തിലെ അപാകവും പ്രതിഷേധത്തിന്‌ കാരണമായി. ഇവിടം ഉയർത്തി നിർമിച്ചതിനാൽ ബസുകളുടെ അടിഭാഗം റോഡിൽ ഇടിക്കുന്നതായി ബസ്‌ ഓപ്പറേറ്റർമാർ പരാതിപ്പെട്ടു. പരാതികൾ ഉടൻ പരിഹരിക്കാത്തപക്ഷം ഹബ്ബ്‌ ബഹിഷ്‌കരിക്കുമെന്നും സ്വകാര്യബസ്‌ ഓപ്പറേറ്റർമാർ അറിയിച്ചിരുന്നു.

കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണ്‌ നവീകരണജോലി വൈകാൻ കാരണമെന്ന്‌ സിഎസ്‌എംഎൽ അധികൃതർ പറഞ്ഞു. ആവശ്യത്തിന്‌ തൊഴിലാളികളെ നിയോഗിക്കുന്നതിലും നിർമാണസാമഗ്രികൾ എത്തിക്കുന്നതിലുമാണ്‌ വീഴ്‌ചയുണ്ടായത്‌.

പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജോലികൾ അതിവേഗം നടക്കുന്നുണ്ട്‌. പ്രവേശനകവാടത്തിലെ റോഡിന്റെ നിർമാണത്തെക്കുറിച്ചുള്ള പരാതിയും പരിഹരിക്കാൻ കരാറുകാരനോട്‌ നിർദേശിച്ചു. ബസുകൾ വേഗംകുറച്ച്‌ ഹബ്ബിൽ പ്രവേശിക്കാനാണ്‌ ഈഭാഗം ഉയരം വ്യത്യാസപ്പെടുത്തി നിർമിച്ചിട്ടുള്ളത്‌.

ഉയരവ്യത്യാസം നിലനിർത്തിത്തന്നെ ബസ്‌ ഓപ്പറേറ്റർമാരുടെ പരാതിക്ക്‌ പരിഹാരം കാണാനാണ്‌ നിർദേശിച്ചിട്ടുള്ളത്‌. കരാറുകാരനെ വിളിച്ചുവരുത്തി ചർച്ച നടത്തിയശേഷമാണ്‌ ഈയാഴ്‌ചതന്നെ നവീകരണജോലി പൂർത്തിയാക്കാൻ കർശനനിർദേശം നൽകിയതെന്നും സിഎസ്‌എംഎൽ അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/205318/the-wytilahub-upgrade-will-be-completed-this-week)