---
title: "#yellowfever | മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ ആരോഗ്യവകുപ്പ്‌"
english_title: "The #district #health #department is taking #measures to #control #yellow #fever"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204591/the-district-health-department-is-taking-measures-to-control-yellow-fever"
published_at: "2024-05-11T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f146e09fa6_fever.jpg"
keywords: []
---

# #yellowfever | മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ ആരോഗ്യവകുപ്പ്‌

> **Lead Summary:** **കൊച്ചി :** വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ ആരോഗ്യവകുപ്പ്‌.

## Article Content

**കൊച്ചി :** വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി ജില്ലാ ആരോഗ്യവകുപ്പ്‌.

മൈക്ക്‌ അനൗൺസ്‌മെന്റ്‌, വീടുകൾ കയറിയുള്ള ബോധവൽക്കരണം എന്നിവ നടത്തുന്നുണ്ടെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന പറഞ്ഞു.

പൊതു ജലാശയത്തിൽ ക്ലോറിനേഷൻ നടത്തിയതായും പൈപ്പ്‌ പൊട്ടിയത്‌ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായും കുന്നത്തുനാട് തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകി.

പഞ്ചായത്തിൽ വെള്ളിയാഴ്‌ചവരെ 161 പേർക്കാണ്‌ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്‌. വാട്ടർ അതോറിറ്റിയുടെ പമ്പിങ്ങിലെ അനാസ്ഥയാണ് മഞ്ഞപ്പിത്തം പടരാൻ കാരണമെന്ന്‌ നാട്ടുകാർ ആരോപിച്ചതിനെത്തുടർന്ന്‌ കഴിഞ്ഞദിവസം കലക്ടർ സ്ഥലം സന്ദർശിച്ച് തഹസിൽദാർ ജെ താജുദീനോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു.

ബാക്ടീരിയവ്യാപനം നിയന്ത്രണവിധേയമാക്കാൻ, കുടിവെള്ളം ശേഖരിക്കുന്ന വാട്ടർ അതോറിറ്റിയുടെ ടാങ്കുകളിൽ ദിവസവും സൂപ്പർ ക്ലോറിനേഷൻ നടത്താൻ നടപടി സ്വീകരിച്ചതായി തഹസിൽദാർ റിപ്പോർട്ട്‌ നൽകി. 8, 9, 10, 11 വാർഡുകളിലാണ് രോഗം പടർന്നത്.

വാട്ടർ അതോറിറ്റിക്ക്‌ വീഴ്ചയുണ്ടായിട്ടുണ്ടെന്ന, പഞ്ചായത്തിന്റെയും ജനങ്ങളുടെയും പരാതികളും റിപ്പോർട്ടിലുണ്ട്. പഞ്ചായത്തിലെ 120 കുടുംബങ്ങളിലായി 161 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ വക്കുവള്ളി കണിയാറ്റപീടിക പരുന്താടുംകുഴിയിൽ ജോളി (51) കഴിഞ്ഞദിവസം രോഗം ബാധിച്ച്‌ മരിച്ചു.

ഗുരുതരാവസ്ഥയിലുള്ള മറ്റൊരു വീട്ടമ്മ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ 31 പേർ ചികിത്സയിലുണ്ട്.

പഞ്ചായത്തും ആരോഗ്യവിഭാഗവും ചേർന്ന് എല്ലാ ദിവസവും ബോധവൽക്കരണവും പനിപരിശോധനയും നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ശിൽപ്പ സുധീഷ് അറിയിച്ചു.

ദിവസവും സൂപ്പർ ക്ലോറിനേഷൻ നടത്തുന്നുണ്ടെന്നും പൈപ്പ് ലൈനിലെ ചോർച്ചകൾ മാറ്റിയതായും വാട്ടർ അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204591/the-district-health-department-is-taking-measures-to-control-yellow-fever)