---
title: "#handedover | ജാനകിക്കും കുടുംബത്തിനും നിർമിച്ച വീടിന്റെ താക്കോൽ ഞായറാഴ്ച കൈമാറും"
english_title: "#Janaki and her #family will be #handedover the keys of the #constructed house on #Sunday"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204569/janaki-and-her-family-will-be-handedover-the-keys-of-the-constructed-house-on-sunday"
published_at: "2024-05-11T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f02a5aa9b3_key.jpg"
keywords: []
---

# #handedover | ജാനകിക്കും കുടുംബത്തിനും നിർമിച്ച വീടിന്റെ താക്കോൽ ഞായറാഴ്ച കൈമാറും

> **Lead Summary:** **കളമശേരി :** എറണാകുളം ഡിസ്ട്രിക്ട്‌ ഡ്രിങ്കിങ് വാട്ടർ ട്രാൻസ്പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഏലൂർ കുറ്റിക്കാട്ടുകരയിൽ ജാനകിക്കും കുടുംബത്തിനും നിർമിച്ച വീടിന്റെ താക്കോൽ ഞായറാഴ്ച കൈമാറും.

## Article Content

**കളമശേരി :** എറണാകുളം ഡിസ്ട്രിക്ട്‌ ഡ്രിങ്കിങ് വാട്ടർ ട്രാൻസ്പോർട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഏലൂർ കുറ്റിക്കാട്ടുകരയിൽ ജാനകിക്കും കുടുംബത്തിനും നിർമിച്ച വീടിന്റെ താക്കോൽ ഞായറാഴ്ച കൈമാറും.

ഏലൂർ കുറ്റിക്കാട്ടുകര യുപി സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് താക്കോൽ കൈമാറും. അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി എ ഇബ്രാഹിമിന്റെ സ്മരണാർഥമാണ്‌ വീട് നിർമിച്ചതെന്ന്‌ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിധവയായ ജാനകിക്കും മകൾക്കും കുറ്റിക്കാട്ടുകരയിൽ രണ്ടരസെന്റിലുണ്ടായിരുന്ന ചെറിയവീട് ഇടിഞ്ഞുവീണു. ഇതോടെ ഇരുവർക്കും കിടപ്പാടമില്ലാതായി. നിരവധി അപേക്ഷകരിൽനിന്നാണ് ജാനകിയെയും മകളെയും വീടിനായി തെരഞ്ഞെടുത്തത്.

സംഘടന അംഗങ്ങളിൽനിന്ന്‌ സ്വരൂപിച്ച ഏഴരലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നുമാസംകൊണ്ട് വീട് പൂർത്തിയാക്കിയത്. അസോസിയേഷൻ പ്രസിഡന്റ്‌ വി എ സക്കീർ ഹുസൈനാണ് കല്ലിട്ടത്. 650 ചതുരശ്രയടി വിസ്തീർണമുള്ള വീടിന് ഹാൾ, രണ്ട് കിടപ്പുമുറികൾ, അടുക്കള, ശുചിമുറി, ചുറ്റുമതിൽ, ഗേറ്റ് എന്നിവയുണ്ട്.

വീട്ടുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സമയബന്ധിതമായി വീടുപണി പൂർത്തിയാക്കിനൽകിയ കോൺട്രാക്ടർ സോണി ജേക്കബിനെ മന്ത്രി പി രാജീവ് ആദരിക്കും.

ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, സ്ഥിരംസമിതി അധ്യക്ഷ നിസി സാബു എന്നിവരും പ്രദേശവാസികളും വീടുനിർമാണത്തിന് പിന്തുണ നൽകി. വി എ സക്കീർ ഹുസൈൻ, നിസി സാബു, ആർ രാമചന്ദ്രൻ, എം ഐ ഉബൈദ്, ഇ ജെ സേവി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204569/janaki-and-her-family-will-be-handedover-the-keys-of-the-constructed-house-on-sunday)