---
title: "#sslcresult | സ്കൂളിന്റെ പടിവാതിൽപോലും കാണാതെ, അനൂജ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം"
english_title: "Without even #seeing the #door of the #school, Anuja's #success shines #brightly"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/204154/without-even-seeing-the-door-of-the-school-anujas-success-shines-brightly"
published_at: "2024-05-09T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c7c58aaca7_sslc.jpg"
keywords: []
---

# #sslcresult | സ്കൂളിന്റെ പടിവാതിൽപോലും കാണാതെ, അനൂജ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം

> **Lead Summary:** **കോലഞ്ചേരി :** സ്കൂളിന്റെ പടിവാതിൽപോലും കാണാതെ, അനൂജ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം.

## Article Content

**കോലഞ്ചേരി :** സ്കൂളിന്റെ പടിവാതിൽപോലും കാണാതെ, അനൂജ നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം.

കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ഈ മിടുക്കി. സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ ജീവിതം തളച്ചിട്ടപ്പോഴും പഠനമെന്ന സ്വപ്നം കൈവിടാതെ നേടിയത് രണ്ട് എ പ്ലസടക്കം മികച്ച വിജയമാണ്.

അനൂജയുടെ മനസ്സിനൊപ്പം മാതാപിതാക്കളും കോലഞ്ചേരി ബിആർസിയിലെ സ്പെഷ്യൽ അധ്യാപകരും ഒരേ മനസ്സോടെ ഒപ്പം ചേർന്നതോടെ സ്കൂളിലെ നൂറിമേനി തിളക്കത്തിനും മാറ്റുകൂടി. കോലഞ്ചേരി കാരമോളപീടിക ചിന്നംചിറ പി എസ്‌ ബിജുകുമാറിന്റെയും അനിതയുടെയും മൂത്തമകളാണ്.

എല്ലാ ബുധനാഴ്‌ചയും കോലഞ്ചേരി ബിആർസിയിലെ സ്പെഷ്യൽ അധ്യാപിക ശിൽപ്പ വീട്ടിലെത്തിയാണ് പാഠഭാഗങ്ങൾ പറഞ്ഞുനൽകിയത്. ഒരിക്കൽ പഠിപ്പിച്ച പാഠഭാഗങ്ങൾ മനസ്സിൽ കുറിച്ചിടുന്ന രീതിയാണ് അനൂജയുടേത്.

ഇതേ സ്കൂളിൽ ഒപ്പം പഠിക്കുന്ന അനുജത്തി അശ്വതിയുടെ നോട്ടുകളും സ്കൂളിലെ അധ്യാപകരുടെ പിന്തുണയുമുണ്ടായിരുന്നു. ഇനിയും തുടർന്ന് പഠിക്കണമെന്നാണ്‌ അനുജയുടെ ആഗ്രഹമെന്ന്‌ ബിജുകുമാറും അനിതയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/204154/without-even-seeing-the-door-of-the-school-anujas-success-shines-brightly)