വൈപ്പിൻ : (piravomnews.in) ഞാറക്കൽ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മിനി രാജുവിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ജല അതോറിറ്റിയുടെ മാലിപ്പുറം അസി. എൻജിനിയർ ഓഫീസിൽ കുത്തിയിരിപ്പ് നടത്തി.
ഒന്നിടവിട്ട ദിനങ്ങളിൽ രണ്ടുമണിക്കൂർ വീതം എത്തുന്ന വെള്ളം പകുതിദിനങ്ങളിലും സാങ്കേതികത്തകരാർ പറഞ്ഞ് മുടക്കപ്പെടുന്നതായി അവർ പറഞ്ഞു.
ഇതേത്തുടർന്ന് ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. അസി.എക്സി. എൻജിനിയർ തെരേസ റെനി, അസി. എൻജിനിയർ എൻ പി വിബിൻ എന്നിവർ നടത്തിയ ചർച്ചയിൽ ഒന്നിടവിട്ട ദിനങ്ങളിൽ രണ്ടുമണിക്കൂർ പമ്പിങ് ഉറപ്പാക്കുമെന്ന് അറിയിച്ചു.
വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, വികസന സമിതി ചെയർമാൻ ചെറിയാൻ വാളൂരാൻ, സ്ഥിരംസമിതി അധ്യക്ഷ രാജി ജിഘോഷ്, പ്രതിപക്ഷ നേതാവ് എ പി ലാലു, പഞ്ചായത്ത് അംഗങ്ങളായ ആഷ ടോണി, വാസന്തി സജീവ്, പ്രീതി ഉണ്ണിക്കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
No #drinkingwater; The #panchayat #authorities were #stuck in the #water #authority