---
title: "#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം"
english_title: "The #District #Working #Committee #boycotted the meeting en masse; #League rebels ready to #retaliate"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202799/the-district-working-committee-boycotted-the-meeting-en-masse-league-rebels-ready-to-retaliate"
published_at: "2024-05-03T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634a33b334fc_league.jpg"
keywords: []
---

# #League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

> **Lead Summary:** കൊച്ചി : വി കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ തുടരുന്ന പ്രതികാരനടപടിക്കെതിരെ പരസ്യമായി തിരിച്ചടിക്കാനൊരുങ്ങി ജില്ലയിലെ മുസ്ലിംലീഗ്‌ വിമതപക്ഷം.

## Article Content

കൊച്ചി : വി കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ തുടരുന്ന പ്രതികാരനടപടിക്കെതിരെ പരസ്യമായി തിരിച്ചടിക്കാനൊരുങ്ങി ജില്ലയിലെ മുസ്ലിംലീഗ്‌ വിമതപക്ഷം.

സംസ്ഥാന നേതൃത്വം നോമിനേറ്റ്‌ ചെയ്‌ത ജില്ലാ കമ്മിറ്റിയെ അംഗീകരിക്കേണ്ടതില്ലെന്നും കള്ളക്കേസുകൾ ചമയ്‌ക്കുന്നതടക്കമുള്ള പ്രതികാരനടപടികളെ ചെറുക്കാനുമാണ്‌ വിമതപക്ഷത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ചേർന്ന ജില്ലാ പ്രവർത്തകസമിതി യോഗം 28 നിയോജകമണ്ഡലം ഭാരവാഹികളിൽ 22 പേരും ബഹിഷ്‌കരിച്ചു.

വിമതപക്ഷത്തെ പ്രമുഖനായ ഹംസ പറക്കാട്ടിനെ പുറത്താക്കിയത്‌ ഉൾപ്പെടെയുള്ള പ്രതികാരനടപടികൾക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ സംയമനം പാലിക്കാനായിരുന്നു വിമതപക്ഷത്തിന്റെ തീരുമാനം.

വൈപ്പിൻ, പറവൂർ, തൃപ്പൂണിത്തുറ, പിറവം, എറണാകുളം, തൃക്കാക്കര, പെരുമ്പാവൂർ, കോതമംഗലം, അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരും ആലുവ, കൊച്ചി മണ്ഡലം പ്രസിഡന്റുമാരും കുന്നത്തുനാട്, മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിമാരുമാണ്‌ യോഗം ബഹുഷ്‌കരിച്ച്‌ പ്രതിഷേധിച്ചത്‌.

രാവിലെ ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലും അഹമ്മദ്‌ കബീർ വിഭാഗം പങ്കെടുത്തില്ല. തുടർച്ചയായ നാലാമത്തെ യോഗമാണ്‌ വിമതപക്ഷം ബഹിഷ്‌കരിച്ചത്‌. പുതിയ മെമ്പർഷിപ് അടിസ്ഥാനമാക്കി കൗൺസിൽ അംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത്‌ ജനാധിപത്യ രീതിയിൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നാണ്‌ വിമതപക്ഷത്തിന്റെ ആവശ്യം.

ലീഗ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ നോമിനേറ്റ്‌ ചെയ്‌ത ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട്‌ എറണാകുളം മുൻസിഫ് കോടതിയിൽ ഹർജിയുണ്ട്‌. പാർടി ഭരണഘടനപ്രകാരം താൽക്കാലിക കമ്മിറ്റിയെയാണ് നോമിനേറ്റ് ചെയ്തിട്ടുള്ളതെന്നാണ്‌ സംസ്ഥാന കമ്മിറ്റിയുടെ സത്യവാങ്മൂലം.

അതിനാൽ രേഖാമൂലം നോട്ടീസ് നൽകാതെയും വാട്‌സാപ്‌ സന്ദേശംപോലും ഒഴിവാക്കിയും അംഗങ്ങളെ ഫോണിൽ വിളിച്ചാണ്‌ ജില്ലാ ജനറൽ സെക്രട്ടറി വി ഇ അബ്ദുൽ ഗഫൂർ പ്രവർത്തകയോഗം അറിയിച്ചത്‌.

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ അച്ചടക്കനടപടിയെടുക്കാനിടയുണ്ടെന്നതിനാലാണ്‌ ഉപേക്ഷിച്ചത്‌.

ജില്ലാ പ്രസിഡന്റായിരുന്ന ഹംസ പാറക്കാട്ട്, യൂത്ത് ലീഗ് നേതാവ് സുഫീർ എന്നിവർക്കെതിരെയെടുത്ത നടപടി സംസ്ഥാന കമ്മിറ്റിയിലുള്ള സ്വാധീനമുപയോഗിച്ച് വിമതപക്ഷത്തിലെ കൂടുതൽപ്പേർക്കെതിരെ കൈക്കൊള്ളാനാണ്‌ ഔദ്യോഗികപക്ഷം തീരുമാനിച്ചിട്ടുള്ളതെന്നാണ്‌ അഹമ്മദ്‌ കബീർ വിഭാഗത്തിന്റെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202799/the-district-working-committee-boycotted-the-meeting-en-masse-league-rebels-ready-to-retaliate)