---
title: "#Drivingtest | വിവിധകേന്ദ്രങ്ങളിൽ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി"
english_title: "#Drivingtest #stopped at #various #centers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202793/drivingtest-stopped-at-various-centers"
published_at: "2024-05-03T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66349e1ae2aec_test.jpg"
keywords: []
---

# #Drivingtest | വിവിധകേന്ദ്രങ്ങളിൽ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

> **Lead Summary:** **തൃക്കാക്കര :** ജില്ലയിലും വിവിധകേന്ദ്രങ്ങളിൽ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി.

## Article Content

**തൃക്കാക്കര :** ജില്ലയിലും വിവിധകേന്ദ്രങ്ങളിൽ ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി.

പരിഷ്‌ക്കരിച്ചരീതിയിൽ ടെസ്‌റ്റ്‌ നടത്തുന്നതിൽ ഡ്രൈവിങ്‌ സ്‌കൂളുകാർ പ്രതിഷേധിക്കുകയും നിസ്സഹകരിക്കുകയും ചെയ്‌തു. ഇതോടെയാണ്‌ ടെസ്‌റ്റ്‌ മുടങ്ങിയത്‌.

കാക്കനാട്‌ ഗ്രൗണ്ടിൽ ടെസ്‌റ്റ്‌ നടത്താൻ എംവിഐമാരായ എ ആർ രാജേഷ്, വി ഐ അസിം എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ രാവിലെ എത്തി. എന്നാൽ പരിഷ്‌ക്കരിച്ച ടെസ്റ്റ് രീതികളുമായി സഹകരിക്കില്ലന്ന്‌ ഡ്രൈവിങ്‌ സ്കൂൾ പ്രതിനിധികൾ അറിയിച്ചു.

പഠിതാക്കളും എത്തിയില്ല. ഇതോടെ ടെസ്റ്റ് നടത്താനാവാതെ ഉദ്യോഗസ്ഥർ മടങ്ങി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുടെ പ്രതിഷേധത്തിൽ ആലുവയിലും ഡ്രൈവിങ്‌ ടെസ്റ്റ് മുടങ്ങി.

പറവൂർ കവലയിലെ ടെസ്റ്റ് ഗ്രൗണ്ടിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാർ പ്രതിഷേധിച്ചു. ഇതോടെ പരീക്ഷ നടന്നില്ല. പരിഷ്‌ക്കരണത്തിലെ പല നിർദേശങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു പ്രതിഷേധം.

ധൃതിപിടിച്ച് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെതിരെ ഡ്രൈവിങ്‌ സ്കൂൾ അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സിഐടിയു ആലുവ ഏരിയ സെക്രട്ടറി പി എം സഹീർ ഉദ്ഘാടനം ചെയ്തു. എം എസ് ഷാജി, അബ്ദുൽ ഹഫീസ്, എം എസ് പ്രീത എന്നിവർ സംസാരിച്ചു.

പറവൂർ, അങ്കമാലി, കോതമംഗലം, മട്ടാഞ്ചേരി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ എസ്‌ആർടിഒ പരിധികളിലെ ടെസ്‌റ്റിങ്‌ കേന്ദ്രങ്ങളിലും സമാനമായിരുന്നു സ്ഥിതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202793/drivingtest-stopped-at-various-centers)