പെരുമ്പാവൂർ : (piravomnews.in) വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു.
കൈപ്പിള്ളി, ചൂരത്തോട്, വേങ്ങൂർ, വക്കുവള്ളി എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നത്.വക്കുവള്ളിയിലും വേങ്ങൂരും കൂടുതൽപേർക്ക് രോഗം ബാധിച്ചു. വക്കുവള്ളിയിലെ അടുത്തടുത്ത അഞ്ചുവീടുകളിൽ മഞ്ഞപ്പിത്തം ബാധിച്ചു.
ഇതോടൊപ്പം ഡെങ്കിപ്പനിയും പടർന്നുപിടിച്ചു. വേങ്ങൂർ പഞ്ചായത്തും ആരോഗ്യവകുപ്പും കിണറുകളും വീടുകളിലുള്ള കുടിവെള്ള ടാങ്കുകളും സൂപ്പർ ക്ലോറിനേഷൻ നൽകി.
മഞ്ഞപ്പിത്തം വ്യാപിക്കാതിരിക്കാൻ ആൾക്കൂട്ട ചടങ്ങുകൾ തൽക്കാലികമായി നിരോധിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം നടക്കാനിരുന്ന പല പൊതുചടങ്ങുകളും മാറ്റിവച്ചു.
വാട്ടർ അതോറിറ്റിയും ആരോഗ്യവകുപ്പും സംയുക്തമായി ജലസ്രോതസ്സുകൾ നിരീക്ഷിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. വാട്ടർ അതോറിറ്റിയുടെ ചൂരമുടി ടാങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി.
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ് നൽകി.
#Yellow #fever and #dengue are #spreading