കളമശേരി : (piravomnews.in) ജ്വല്ലറികളിൽ മോഷണം നടത്തുന്ന മഹാരാഷ്ട്രക്കാരായ കവർച്ചസംഘത്തെ കളമശേരി പൊലീസ് പിടികൂടി.
അശ്വിൻ വിജയ് സോളങ്കി (44), ജ്യോത്സന സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോർ സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാർ(42) എന്നിവരാണ് പിടിയിലായത്.
ഇടപ്പള്ളി പൂക്കാട്ടുപടി റോഡിലെ രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിൽനിന്നും വെള്ളിയാഴ്ച സ്വർണം വാങ്ങാനെന്ന വ്യാജേന എട്ടര ഗ്രാമിന്റെ 63,720 രൂപയുടെ നെക്ലേസ് മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു.
ചെറുകിട ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. കളമശേരി എസ്എച്ച്ഒ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശൂരിൽനിന്നാണ് പ്രതികളെ പിടികൂടിയത്. തൃശൂരിലെ ജ്വല്ലറിയില്‍ മോഷണം നടത്തുവാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതികൾ.
എറണാകുളത്തെ നക്ഷത്ര ജ്വല്ലറിയിൽ നിന്നും മൂന്നര പവൻ സ്വർണം മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.എസ്ഐ കുര്യൻ മാത്യു, സിപിഒമാരായ മാഹിൻ, കൃഷ്ണരാജ്, ഷബ്ന എന്നിവരും അങ്കമാലി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണം നടത്തി മണിക്കൂറുകൾക്കകമാണ് പ്രതികളെ പിടികൂടിയത്.
#Robbery #gang caught #stealing from #jewellers