---
title: "#accident | എംസി റോഡിലെ വാഹനാപകടങ്ങൾ പെരുകുകയാണ്"
english_title: "#Road #accidents are #increasing on #MC #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/196362/road-accidents-are-increasing-on-mc-road"
published_at: "2024-04-03T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ce2cc49349_accident3.jpg"
keywords: []
---

# #accident | എംസി റോഡിലെ വാഹനാപകടങ്ങൾ പെരുകുകയാണ്

> **Lead Summary:** **പെരുമ്പാവൂർ :** എംസി റോഡിലെ വാഹനാപകടങ്ങൾ പെരുകുകയാണ്. അശ്രദ്ധമായി വാഹനം ഓടിക്കുന്നതും അമിതവേഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം.

## Article Content

**പെരുമ്പാവൂർ :** എംസി റോഡിലെ വാഹനാപകടങ്ങൾ പെരുകുകയാണ്. അശ്രദ്ധമായി വാഹനം ഓടിക്കുന്നതും അമിതവേഗവുമാണ് മിക്ക അപകടങ്ങൾക്കും കാരണം.

ചൊവ്വ പുലർച്ചെയുണ്ടായ അപകടത്തിനുകാരണം ഇന്നോവ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ മരിച്ച മലയാറ്റൂർ വളാഞ്ചേരി വി കെ സദൻ (54) സഞ്ചരിച്ച കാറിലേക്ക് ഇന്നോവ കാർ ഇടിച്ചതിനുപിന്നാലെ ഓട്ടോറിക്ഷയും ഇടിച്ചുതകർന്നു. 

പ്രമേഹത്തെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം ഇടതുകാലിൽ പ്ലാസ്റ്റിക് സർജറി നടത്തുന്നതിനാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് സദൻ ബന്ധുക്കളോടൊപ്പം യാത്രതിരിച്ചത്.

കെട്ടിടനിർമാണ തൊഴിലാളിയായ സദന് ജീവിതം തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിനിടയിലാണ് ജീവൻ നഷ്ടമായത്. എംസി റോഡിൽ സുരക്ഷാബോർഡുകളുടെ അഭാവം പല അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. സീബ്രാ ലൈനില്ലാത്തതുമൂലം കാൽനടക്കാർക്ക് റോഡ് കുറുകെക്കടക്കാൻ പറ്റാത്ത അവസ്ഥയാണ്.

മലമുറിമുതൽ കീഴില്ലംവരെ അപകടം നിത്യസംഭവമാണ്. അഗ്നി രക്ഷാസേനയും ആർടി ഓഫീസും അപകടമേഖല മാർക്ക് ചെയ്തിട്ടുണ്ടെങ്കിലും സുരക്ഷാബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടില്ല. വലിയ വാഹനങ്ങളിൽനിന്ന് റോഡിൽ ഓയിൽ ചോർന്ന് ബൈക്കുകൾ മറിയുന്നതും പതിവാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/196362/road-accidents-are-increasing-on-mc-road)