---
title: "#Easter | വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു"
english_title: "#Believers #celebrated #Easter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/195957/believers-celebrated-easter"
published_at: "2024-04-01T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a32876389a_easter.jpg"
keywords: []
---

# #Easter | വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു

> **Lead Summary:** കൊച്ചി : പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു.

## Article Content

കൊച്ചി : പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു.

ലോകത്തിനുവേണ്ടി യേശുക്രിസ്തു കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവർ ഈസ്റ്റർദിനം ആഘോഷിക്കുന്നത്.ശനി അർധരാത്രിമുതൽ ആരാധനാലയങ്ങളിൽ ഈസ്റ്റർ ആഘോഷവും ശുശ്രൂഷകളും ആരംഭിച്ചു.

അമ്പത് നോമ്പാചരണത്തിന്റെ അവസാനംകൂടിയാണ് ഈസ്റ്റർ. യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തിൽ വിശ്വാസികൾ പങ്കെടുത്തു. പ്രത്യാശയുടെ മഹോത്സവമാണ് ഈസ്റ്റർ എന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.

എറണാകുളം കരിങ്ങാച്ചിറ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും എറണാകുളം സെന്റ്‌ ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഉയിർപ്പ് ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകി.

സിഎസ്ഐ സഭയുടെ കീഴിലെ വിവിധ ദേവാലയങ്ങളിലും ഈസ്റ്റർ പ്രാർഥനകൾ നടന്നു. ചാവറ കൾച്ചറൽ സെന്റർ ഈസ്റ്റർദിനത്തിൽ സംഘടിപ്പിച്ച സൗഹൃദസംഗമവും ഉയിർപ്പ് പ്രാതലും പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു.

സാങ്കേതികമായി വലിയനേട്ടങ്ങൾ കൈവരിച്ചെങ്കിലും അയൽക്കാരുമായി നല്ലബന്ധം സ്ഥാപിക്കാൻ മനുഷ്യന് ഇന്നുവരെ കഴിഞ്ഞിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. എംഎൽഎമാരായ ടി ജെ വിനോദ്, കെ ബാബു എന്നിവർ ചേർന്ന് ഈസ്റ്റർമുട്ട പൊട്ടിച്ചു.

നോമ്പ് തുറയ്ക്കുള്ള വിഭവങ്ങൾ എറണാകുളം ഗ്രാൻഡ്‌ മസ്ജിദ് ഇമാം ഫൈസൽ അസ്ഹരിക്ക് ഫാ. ജോസി താമരശേരി സമ്മാനിച്ചു.

ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ ചൈതന്യ, ഹൈബി ഈഡൻ, ഫാ. ബിജു വടക്കേൽ, ഉപഭോക്തൃതർക്ക പരിഹാരകമീഷൻ എറണാകുളം പ്രസിഡന്റ് ഡി ബി ബിനു, പ്രൊഫ. കെ വി തോമസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/195957/believers-celebrated-easter)