---
title: " #arrested | ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻതുക തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ"
english_title: "Two #people have been #arrested in the case of #stealing huge #amount of #money through #online #trading"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/193970/two-people-have-been-arrested-in-the-case-of-stealing-huge-amount-of-money-through-online-trading"
published_at: "2024-03-24T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff9bc1df5ce_arrest.jpg"
keywords: []
---

#  #arrested | ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻതുക തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ

> **Lead Summary:** **ആലുവ :** ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കിനൽകാമെന്ന്‌ പറഞ്ഞ് വൻതുക തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ.

## Article Content

**ആലുവ :** ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കിനൽകാമെന്ന്‌ പറഞ്ഞ് വൻതുക തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ.

തൃപ്രയാർ കെകെ കോംപ്ലക്സിൽ താമസിക്കുന്ന തോപ്പുംപടി പനയപ്പിള്ളി മൂൺപീസിൽ മുഹമ്മദ് നിജാസ് (25), വലപ്പാട് നാട്ടിക പൊന്തേരവളപ്പിൽ മുഹമ്മദ് സമീർ (34) എന്നിവരെയാണ് റൂറൽ ജില്ലാ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കി നൽകാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ആലുവ ചൂണ്ടി സ്വദേശിയില്‍നിന്ന്‌ 33.5 ലക്ഷമാണ് സംഘം തട്ടിയത്. അഞ്ച് ഇടപാടുകളിലൂടെയാണ് ചൂണ്ടി സ്വദേശി തുക നിക്ഷേപിച്ചത്. ആദ്യ ഗഡു നിക്ഷേപിച്ചപ്പോൾ ലാഭവിഹിതമായി 5000 രൂപ നൽകി.

സമൂഹമാധ്യമത്തിൽ ബ്ലോക്ക് ട്രേഡിങ് അക്കാദമി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ചൂണ്ടി സ്വദേശി എത്തിപ്പെട്ടത് 200 അംഗങ്ങളുള്ള വാട്സാപ് ഗ്രൂപ്പിലേക്കാണ്. അതിൽ കമ്പനികളുടെ ഷെയർ വാങ്ങിക്കുന്നതിനുള്ള നിർദേശം ഗ്രൂപ്പ് അഡ്മിൻ നൽകി.

ലാഭം കിട്ടിയവർ അവരുടെ അനുഭവങ്ങളും ​ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പുസംഘംതന്നെയാണ് ഇത്തരം പ്രലോഭന പോസ്റ്റുകള്‍ ഇട്ടിരുന്നത്. ചൂണ്ടി സ്വദേശിക്ക് ഇവര്‍ മികച്ച വാ​ഗ്ദാനങ്ങല്‍ നല്‍കി. എല്ലാദിവസവും 350 ശതമാനം ലാഭമായിരുന്നു വാഗ്ദാനം.

ബാങ്ക്, വ്യക്തിഗത വിവരം അയക്കുന്നതിന് ഒരു ലിങ്കും നൽകി. കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിൽ വ്യക്തികളുടെ അക്കൗണ്ടും അയക്കുന്ന തുകയും ലാഭവും രേഖപ്പെടുത്തിയിരുന്നു. പണം നിക്ഷേപിക്കുന്നതിന് വ്യത്യസ്ത അക്കൗണ്ടുകളാണ് തട്ടിപ്പുസംഘം അയച്ചുകൊടുത്തിരുന്നത്.

അതിലേക്കാണ് അഞ്ചുപ്രാവശ്യമായി തുക നൽകിയത്. ലാഭമായി വൻതുക ലഭിച്ചെന്ന് സംഘം വിശ്വസിപ്പിച്ചു. വീണ്ടും വന്‍തുക നിക്ഷേപിക്കാൻ നിർബന്ധിച്ചപ്പോഴാണ് ചൂണ്ടി സ്വദേശിക്ക് തട്ടിപ്പ് ബോധ്യമായത്. നിക്ഷേപിച്ച തുകയും വാ​ഗ്ദാനം ചെയ്ത ലാഭവും തിരികെ നല്‍കാനും സംഘം തയ്യാറായില്ല.

റൂറൽ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകിയതിനെത്തുടര്‍ന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാര്‍ പിടിയിലായത്. നിയമാനുസൃതമല്ലാത്ത ആപ്പുകൾ ഉപയോഗിച്ചാണ് ഇവർ ഓൺലൈൻ ട്രേഡിങ് നടത്തുന്നത്.

നിരവധി അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയിട്ടുള്ളത്. ഇൻസ്പെക്ടർ വിപിൻദാസ്, എസ്ഐ ആർ അജിത്കുമാർ, എഎസ്ഐ ആർ ഡെൽജിത്, സീനിയർ സിപിഒമാരായ പി എം തൽഹത്ത്, വികാസ് മണി, പി എസ് ഐനീഷ്, സി നിഖിൽ എന്നിവര്‍ അന്വേഷകസംഘത്തിലുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/193970/two-people-have-been-arrested-in-the-case-of-stealing-huge-amount-of-money-through-online-trading)