---
title: "#roadshow | തെരഞ്ഞെടുപ്പ്‌ പ്രചാരണ ആവേശം നിറച്ച്‌ കെ ജെ ഷൈനിന്റെ റോഡ്‌ ഷോ"
english_title: "#KJShine's #roadshow #filled with election #campaign #enthusiasm"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/191279/kjshines-roadshow-filled-with-election-campaign-enthusiasm"
published_at: "2024-03-13T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f122e8b1c19_road.jpg"
keywords: []
---

# #roadshow | തെരഞ്ഞെടുപ്പ്‌ പ്രചാരണ ആവേശം നിറച്ച്‌ കെ ജെ ഷൈനിന്റെ റോഡ്‌ ഷോ

> **Lead Summary:** കൊച്ചി : തെരഞ്ഞെടുപ്പ്‌ പ്രചാരണ ആവേശം നിറച്ച്‌, നൂറുകണക്കിന്‌ വനിതകൾ അണിനിരന്ന്‌ നഗരത്തിൽ എറണാകുളം ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ജെ ഷൈനിന്റെ റോഡ്‌ ഷോ.

## Article Content

കൊച്ചി : തെരഞ്ഞെടുപ്പ്‌ പ്രചാരണ ആവേശം നിറച്ച്‌, നൂറുകണക്കിന്‌ വനിതകൾ അണിനിരന്ന്‌ നഗരത്തിൽ എറണാകുളം ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ ജെ ഷൈനിന്റെ റോഡ്‌ ഷോ.

പാതയോരങ്ങളിൽ കാത്തുനിന്ന്‌ കൈവീശിയവർക്ക്‌ പ്രത്യഭിവാദ്യവുമായി തുറന്നവാഹനത്തിൽ ഷൈൻ. തൊട്ടുപിന്നിലായി വനിതകളുടെ റാലി.

മുന്നിൽ കഥകളി വേഷങ്ങൾക്കൊപ്പം വനിതകളുടെ ചെണ്ടമേളം. ഷൈനിന്റെ ചിത്രം പതിച്ച നൂറോളം കട്ടൗട്ടുകളുമായി വീട്ടമ്മമാരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ. അകമ്പടിയായി പഞ്ചവാദ്യമേളം. വൈകിട്ട്‌ എറണാകുളം ടൗൺഹാൾ പരിസരത്തുനിന്ന്‌ ആരംഭിച്ച റോഡ്‌ ഷോ നഗരഹൃദയം കവർന്ന്‌ ഹൈക്കോടതി ജങ്ഷനിൽ സമാപിച്ചു.

രാവിലെമുതൽ വരാപ്പുഴ, കോട്ടുവള്ളി മേഖലകളിലായിരുന്നു പര്യടനം. രാവിലെ വരാപ്പുഴ മീൻമാർക്കറ്റിൽ എത്തിയ സ്ഥാനാർഥിയെ തൊഴിലാളികളും എൽഡിഎഫ് പ്രവർത്തകരും ചേർന്ന് വരവേറ്റു.

ചെട്ടിഭാഗം കവലയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ, വ്യാപാരികൾ എന്നിവരോട്‌ വോട്ടുതേടി. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും വരാപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ജോയി പേട്ടയുടെ വീട്ടിലായിരുന്നു പ്രഭാതഭക്ഷണം.

തുടർന്ന്‌ പ്രായമായവരും മാനസികവെല്ലുവിളികൾ നേരിടുന്നവരും താമസിക്കുന്ന അഗതിമന്ദിരത്തിൽ. ഔവർലേഡി ഓഫ് മൗണ്ട് കാർമൽ ആൻഡ്‌ സെന്റ്‌ ജോസഫ് പള്ളി വികാരിയെ കണ്ട് അനുഗ്രഹം തേടി.

ഇൻഫന്റ്‌ ജീസസ് പള്ളി, ചെട്ടിഭാഗം ക്രിസ്തുരാജ ദേവാലയം, മുട്ടിനകം സെന്റ്‌ മേരീസ് പള്ളി, തേവർകാട് ഇസബെല്ല കോൺവന്റ്‌, പുത്തൻപള്ളി സെന്റ്‌ ജോർജ്സ് പള്ളി, മണ്ണംതുരുത്ത് ജുമാ മസ്ജിദ്, വരാപ്പുഴ, തുണ്ടത്തുംകടവ് എസ്എൻഡിപി ഓഫീസ്‌ എന്നിവിടങ്ങളിലെത്തി പിന്തുണതേടി. കോട്ടുവള്ളി സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളി സന്ദർശിച്ചു.

കോട്ടുവള്ളി, കൈതാരം എൻഎസ്എസ് ഓഫീസുകൾ, വള്ളുവള്ളി എസ്എൻഡിപി ശാഖ, വള്ളുവള്ളി ജുമാ മസ്ജിദ്, തത്തപ്പിള്ളി കാട്ടുനെല്ലൂർ ജുമാ മസ്ജിദ് എന്നിവിടങ്ങളിലെത്തി. ചെറിയപ്പിള്ളി വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ വികാരി ബിജു പാലപ്പറമ്പിൽ വിജയാശംസകൾ നേർന്നു.

കൊച്ചാൽ സെന്റ്‌ ആന്റണീസ് പള്ളിയിലെത്തി ഫാ. ജോൺ തെക്കനോട്‌ വോട്ടഭ്യർഥിച്ചു. കൂനമ്മാവ് സെന്റ്‌ ഫിലോമിനാസ് പള്ളി, ബിടിഎം കോളേജ്, ചെറുപുഷ്പം കോൺവന്റ്‌ എന്നിവിടങ്ങളിലും വോട്ടുതേടി.

തത്തപ്പിള്ളി ഗവ. ഹൈസ്കൂളിൽ അധ്യാപകർ സ്ഥാനാർഥിയെ വരവേറ്റു. കൈതാരം സർവീസ് സഹകരണ ബാങ്ക്, കൈതാരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/191279/kjshines-roadshow-filled-with-election-campaign-enthusiasm)