---
title: "#Rabindranath | വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകന്റെ വേഷപ്പകർച്ചയിലേക്ക് മടങ്ങിയെത്തി രവീന്ദ്രനാഥ്"
english_title: "#Rabindranath #returned to the role of a #college #teacher after many years"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/191040/rabindranath-returned-to-the-role-of-a-college-teacher-after-many-years"
published_at: "2024-03-12T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efddc2bf4c0_ravi.jpg"
keywords: []
---

# #Rabindranath | വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകന്റെ വേഷപ്പകർച്ചയിലേക്ക് മടങ്ങിയെത്തി രവീന്ദ്രനാഥ്

> **Lead Summary:** അങ്കമാലി : വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകന്റെ വേഷപ്പകർച്ചയിലേക്ക് മടങ്ങിയെത്തിയ പ്രൊഫ. സി രവീന്ദ്രനാഥിനെയാണ്‌ കഴിഞ്ഞദിവസം ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ പ്രചാരണവേദികളിൽ കണ്ടത്.

## Article Content

അങ്കമാലി : വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകന്റെ വേഷപ്പകർച്ചയിലേക്ക് മടങ്ങിയെത്തിയ പ്രൊഫ. സി രവീന്ദ്രനാഥിനെയാണ്‌ കഴിഞ്ഞദിവസം ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ എൽഡിഎഫിന്റെ പ്രചാരണവേദികളിൽ കണ്ടത്.

കുറുമശേരി ലിറ്റിൽ ഫ്ലവർ ഫോറിൻ ലാംഗ്വേജ് അക്കാദമിയിലെ കുട്ടികളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹം തൃശൂർ സെന്റ് തോമസ് കോളേജിലെ ആ പഴയ കെമിസ്ട്രി അധ്യാപകനായി മാറി. കന്നിവോട്ടർമാരായ 300- വിദ്യാർഥികളാണ്‌ പ്രൊഫ. സി രവീന്ദ്രനാഥുമായി സംവദിച്ചത്.

> പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ മാറ്റിയതിന്റെ അനുഭവപരിചയമുള്ള സ്ഥാനാർഥി, സമഗ്രമേഖലയിലും വികസനം കൊണ്ടുവരാൻ തന്റെ മനസ്സിലുള്ള "നവ ചാലക്കുടി’ ആശയം വിദ്യാർഥികളുമായി പങ്കുവച്ചു.

ലിറ്റിൽ ഫ്ലവർ അക്കാദമി ഡയറക്ടർ ഫാ. ജസ്റ്റിൻ പാലിമറ്റം വിദ്യാർഥികളോടൊപ്പം ഉണ്ടായിരുന്നു. അയ്യമ്പുഴ, പാറക്കടവ്, കറുകുറ്റി പഞ്ചായത്തുകളിലെ അയ്യമ്പുഴ, കട്ടിങ്, പോട്ട, കുന്തിരി, ചുള്ളി, മുന്നൂർപ്പിള്ളി, പാലിശേരി, എടക്കുന്ന്, പന്തക്കലിലെ കറുകുറ്റി സഹകരണ ബാങ്ക്, പുളിയനം, കുറുമശേരി, മാമ്പ്ര ഫാസ്റ്റിൻ കമ്പനി, മാമ്പ്ര സമരിറ്റിൻ കോൺവന്റ് (വയോജനകേന്ദ്രം), മൂഴിക്കുളം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു തിങ്കളാഴ്ച പര്യടനം നടത്തിയത്.

സ്ഥാനാർഥിയെ പലയിടത്തും പൂക്കളും പഴങ്ങളും പച്ചക്കറികളും നൽകിയാണ്‌ നാട്ടുകാർ വരവേറ്റത്. വിദ്യാർഥികളും യുവാക്കളും തുടങ്ങി പ്ലാന്റേഷൻ, കോടുശേരി ആശുപത്രി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും മാഷിനെ കാണാനും ഒപ്പംനിന്ന്‌ ചിത്രമെടുക്കാനും എത്തി.

എൽഡിഎഫിനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത രവീന്ദ്രനാഥ് വോട്ടർമാരെ ബോധ്യപ്പെടുത്തി. കാരികുളം ഭഗവതീക്ഷേത്രത്തിലെ അന്നദാനത്തിലും മൃദംഗവിദ്വാൻ ആർഎൽവി വേണു കുറുമശേരിയുടെ മരണാനന്തര ചടങ്ങിലും രവീന്ദ്രനാഥ് പങ്കെടുത്തു.

സ്ഥാനാർഥിയോടൊപ്പം അഡ്വ. ജോസ് തെറ്റയിൽ, സി കെ സലിംകുമാർ, ജെയിസൺ പാനികുളങ്ങര, ബെന്നി മൂഞ്ഞേലി, മാത്യൂസ് കോലഞ്ചേരി, പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ, പി സി പൗലോസ്, കെ പി റെജീഷ്, പി വി ടോമി, കെ പി അനീഷ്, ചന്ദ്രബോസ്, സി എൻ മോഹനൻ, ജിഷ ശ്യാം, ജിബിൻ വർഗീസ്, കെ ഡി ഡേവീസ് എന്നിവരും ഉണ്ടായിരുന്നു.

വൈകിട്ട് കൊടുങ്ങല്ലൂരിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷൻ മന്ത്രി പി രാജീവും കൈപ്പമംഗലത്ത് നടന്ന കൺവൻഷൻ സിപിഐ കേന്ദ്ര കമ്മിറ്റി അംഗം കെ പി രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/191040/rabindranath-returned-to-the-role-of-a-college-teacher-after-many-years)