---
title: "#ClintPark | കുട്ടികൾക്ക്‌ കളിച്ചുല്ലസിക്കാൻ ക്ലിന്റ് പാർക്ക്"
english_title: "#ClintPark for #kids to #play"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/190340/clintpark-for-kids-to-play"
published_at: "2024-03-09T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebe2d70564d_park.jpg"
keywords: []
---

# #ClintPark | കുട്ടികൾക്ക്‌ കളിച്ചുല്ലസിക്കാൻ ക്ലിന്റ് പാർക്ക്

> **Lead Summary:** കൊച്ചി : കുട്ടികൾക്ക്‌ കളിച്ചുല്ലസിക്കാൻ ജിസിഡിഎ നവീകരിച്ച എഡ്മണ്ട് തോമസ് ക്ലിന്റ് പാർക്കിന്റെ ഉദ്ഘാടനം പനമ്പിള്ളി നഗറിൽ തിങ്കളാഴ്ച നടക്കും.

## Article Content

കൊച്ചി : കുട്ടികൾക്ക്‌ കളിച്ചുല്ലസിക്കാൻ ജിസിഡിഎ നവീകരിച്ച എഡ്മണ്ട് തോമസ് ക്ലിന്റ് പാർക്കിന്റെ ഉദ്ഘാടനം പനമ്പിള്ളി നഗറിൽ തിങ്കളാഴ്ച നടക്കും.

വൈകിട്ട്‌ ആറിന്‌ ക്ലിന്റിന്റെ അമ്മ ചിന്നമ്മ ജോസഫ് ഉദ്‌ഘാടനം ചെയ്യും. സിഎസ്എംഎൽ സഹകരണത്തോടെയാണ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്‌.

ചിത്രരചനയിൽ ചെറുപ്രായത്തിൽ വിസ്‌മയിപ്പിച്ച്‌ കടന്നുപോയ ക്ലിന്റിനെ പുതുതലമുറയിലെ കുട്ടികൾക്ക്‌ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ പാർക്കിന്‌ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന പേര് നൽകിയത്. പ്രദേശവാസികളുടെ ആവശ്യങ്ങൾകൂടി പരിഗണിച്ചായിരുന്നു നവീകരണം.

ഉല്ലാസവും മനോഹാരിതയും സമന്വയിപ്പിക്കുംവിധമുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ഏകദേശം 536 ചതുരശ്രമീറ്ററിലുള്ള ക്ലിന്റ് പാർക്ക് നവീകരിച്ചിട്ടുള്ളത്.

കുട്ടികൾക്ക് കളിക്കാനുള്ള ഇടത്തിനൊപ്പം മൾട്ടി പ്ലേ സ്റ്റേഷൻ, റൗണ്ട് മേരി ഗോ, ഡബിൾ സ്വിങ്, സ്നേക് ആൻഡ്‌ ലാഡർ, ഹൈഡ് ആൻഡ്‌ സീക്ക് തുടങ്ങിയ കളി ഉപകരണങ്ങളുണ്ട്‌, നടപ്പാതകളുമുണ്ട്‌.

ഗാന്ധിനഗർ, പനമ്പിള്ളിനഗർ എന്നിവിടങ്ങളിലായി ഒമ്പതു പാർക്കുകളുടെ നവീകരണമാണ് 2.87 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്നത്. 21 ലക്ഷം രൂപ ചെലവിലാണ് ക്ലിന്റ് പാർക്കിന്റെ നവീകരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/190340/clintpark-for-kids-to-play)