---
title: "#arrested | സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിന്റെ ഉടമയും മകനും അറസ്റ്റിൽ"
english_title: "Owner and son of #private #financial transaction firm #arrested in financial fraud case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/190335/owner-and-son-of-private-financial-transaction-firm-arrested-in-financial-fraud-case"
published_at: "2024-03-09T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ebe06b052e1_arrest.jpg"
keywords: []
---

# #arrested | സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിന്റെ ഉടമയും മകനും അറസ്റ്റിൽ

> **Lead Summary:** കൂത്താട്ടുകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിന്റെ ഉടമയും മകനും അറസ്റ്റിൽ.

## Article Content

കൂത്താട്ടുകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധന ഇടപാട് സ്ഥാപനത്തിന്റെ ഉടമയും മകനും അറസ്റ്റിൽ.

20 കോടി രൂപയോളം തട്ടിയ കേസിലാണ് നടപടി. കൂത്താട്ടുകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെടുമ്പിള്ളിൽ (എൻഎഫ്സി) ഫിനാൻസ് കോർപറേഷൻ ഉടമ ഇടയാർ നെടുമ്പിള്ളിൽ എൻ എ ഐസക് (73), മകൻ എൻ ഐ അബ്രാഹം (42) എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിന് ജില്ലയ്ക്കകത്തും പുറത്തുമായി ഏഴ് ശാഖകളുണ്ടായിരുന്നു. നിക്ഷേപ തുകയും പലിശയും തിരിച്ചുനൽകാത്തതിനെത്തുടർന്ന് ഇടപാടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പണം തിരികെ കിട്ടിയില്ലെന്നുകാണിച്ച് കൂത്താട്ടുകുളത്തെ രണ്ട് ശാഖകളിൽനിന്നുമാത്രം അമ്പതിലേറെ പരാതി കൂത്താട്ടുകുളം സ്റ്റേഷനിൽ ലഭിച്ചു.

ഇതോടെ ഐസക്കും മകനും ഒളിവിൽ പോയി. തുടർന്ന്‌ 11 പരാതികളിൽ പൊലീസ്‌ കേസെടുത്തു. മറ്റുകേസുകളിൽ അന്വേഷണം നടക്കുകയാണ്.

ഐസക്കിന്റെ ഭാര്യ ബെൻസിയുടെ സംസ്കാര ചടങ്ങുകൾക്കായി വെള്ളിയാഴ്ച നാട്ടിലെത്തിയപ്പോഴാണ്‌ ഇരുവരെയും പിടികൂടിയത്‌.

ചടങ്ങുകൾക്കുശേഷം പള്ളിയിൽനിന്നാണ്‌ അറസ്റ്റ്. കൂടുതൽ തുക നഷ്ടപ്പെട്ട പലരും കേസ് നൽകിയിട്ടില്ലെന്നാണ്‌ വിവരം. മറ്റു ശാഖകളിലെ പരാതികൾകൂടി വന്നാൽ തട്ടിപ്പ്‌ തുക വർധിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/190335/owner-and-son-of-private-financial-transaction-firm-arrested-in-financial-fraud-case)