---
title: "#NeriyamangalamBridge | നേര്യമംഗലം പാലത്തിന് ഇന്ന് 89–--ാംപിറന്നാള്‍"
english_title: "Today is the 89th #anniversary of #NeriyamangalamBridge"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188771/today-is-the-89th-anniversary-of-neriyamangalambridge"
published_at: "2024-03-02T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e2a5826dda7_arch.jpg"
keywords: []
---

# #NeriyamangalamBridge | നേര്യമംഗലം പാലത്തിന് ഇന്ന് 89–--ാംപിറന്നാള്‍

> **Lead Summary:** കവളങ്ങാട് : ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലമായ നേര്യമംഗലം പാലത്തിന് ഇന്ന് 89–--ാംപിറന്നാള്‍.

## Article Content

കവളങ്ങാട് : ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലമായ നേര്യമംഗലം പാലത്തിന് ഇന്ന് 89–--ാംപിറന്നാള്‍.

എറണാകുളം, ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് രാജഭരണത്തിന്റെയും ബ്രീട്ടിഷ് ഭരണത്തിന്റെയും നിരവധി കഥകള്‍ പറയാനുണ്ട്. 1924ല്‍ (കൊല്ലവര്‍ഷം 1-099) ഉണ്ടായ മഹാപ്രളയത്തില്‍ പൂയംകുട്ടിമുതല്‍ മാങ്കുളംവരെയുള്ള പാത തകര്‍ന്നടിഞ്ഞു.

സമുദ്രനിരപ്പില്‍നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍വരെ വെള്ളത്തിലായി. ബ്രീട്ടിഷുകാര്‍ നിര്‍മിച്ച റെയിലും റോപ് വേയും ‌നശിച്ചു. ഇതോടെ ഹൈറേഞ്ചും കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങള്‍ ഇല്ലാതായി.

ഇതോടെയാണ് ആലുവമുതല്‍ മൂന്നാര്‍വരെ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിര്‍മിക്കാന്‍ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടത്. റാണി സേതു ലക്ഷ്മി ഭായിയുടെ പേരില്‍ നിര്‍മിച്ച പാലം പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷമെടുത്തു.

1935 മാർച്ച് രണ്ടിന് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് പാലം ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് പെരിയാറിൽ ഉണ്ടായേക്കാവുന്ന ശക്തമായ ഒഴുക്ക് കണക്കിലെടുത്ത് കമാനാകൃതിയിലാണ് പാലം നിർമിച്ചിരിക്കുന്നത്. 214 മീറ്റര്‍ നീളവും 4.9 മീറ്റര്‍ വീതിയുമുണ്ട്.

അഞ്ച് സ്പാനുകളാണ് ഉള്ളത്. ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ശർക്കരയും ചുണ്ണാമ്പും കലർത്തിയുണ്ടാക്കുന്ന സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിര്‍മാണം. 1935നുശേഷം ഹൈറേഞ്ചിന്റെ വളര്‍ച്ചയില്‍ നേര്യമം​ഗലം പാലം വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും ഈ പാലം തന്നെ.

1961 ലും 2018 ലുമുണ്ടായ മഹാപ്രളയങ്ങളെയും അതിജീവിച്ച് പെരിയാറിന് കുറുകെ കൊച്ചി–-ധനുഷ്‌കോടി ദേശീയപാതയിൽ പ്രൗഢിയിൽ വിരാജിക്കുകയാണ് ഇപ്പോഴും നേര്യമംഗലം പാലം.

ഇതിനോടുചേര്‍ന്ന് പുതിയ പാലം വേണമെന്ന ആവശ്യത്തിന് കാലപ്പഴക്കമേറെയുണ്ട്. പുതിയ പാലത്തിന്റെ പൈലിങ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188771/today-is-the-89th-anniversary-of-neriyamangalambridge)