---
title: "#GandhinagarGardenWalkway | നവീകരിച്ച ഗാന്ധിനഗർ ഗാർഡൻ വാക്‌വേ പാർക്ക്‌ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു"
english_title: "Gandhinagar #Garden Walkway Park was #inaugurated by Mayor M Anil Kumar"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188302/gandhinagar-garden-walkway-park-was-inaugurated-by-mayor-m-anil-kumar"
published_at: "2024-02-29T13:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e03e0489744_park.jpg"
keywords: []
---

# #GandhinagarGardenWalkway | നവീകരിച്ച ഗാന്ധിനഗർ ഗാർഡൻ വാക്‌വേ പാർക്ക്‌ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു

> **Lead Summary:** കൊച്ചി : ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ഗാർഡൻ വാക്‌വേ പാർക്ക്‌ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു.

## Article Content

കൊച്ചി : ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ഗാർഡൻ വാക്‌വേ പാർക്ക്‌ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു.

ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനായി. ടി ജെ വിനോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. 708 ചതുരശ്രമീറ്റർ വരുന്ന ഗാർഡൻ വാക്‌വേ പാർക്കിൽ ബാഡ്മിന്റൺ കോർട്ട്, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങൾ, ആംഫി തിയറ്റർ ഉൾപ്പെടെയുണ്ട്‌.

നിലവിലെ ഘടനയിൽ മാറ്റം വരുത്താതെയാണ് നടപ്പാത ഒരുക്കിയിട്ടുള്ളത്‌. 28 ലക്ഷം രൂപ ചെലവിലാണ് നവീകരണം. ഗാന്ധിനഗർ, പനമ്പിള്ളിനഗർ എന്നിവിടങ്ങളിലായി ഒമ്പതു പാർക്കുകളുടെ നവീകരണമാണ് 2.87 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്നത്.

ബം​ഗളൂരു ആസ്ഥാനമായ സോൾ സിറ്റീസ് അർബൻ ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമാണ് പാർക്കുകളുടെ രൂപകൽപ്പന തയ്യാറാക്കിയിട്ടുള്ളത്. 1980 കാലഘട്ടത്തിന്റെ തുടക്കത്തിൽ ജിസിഡിഎ സ്ഥലം ഏറ്റെടുത്ത്‌ വികസിപ്പിച്ചെടുത്തതാണ് ഈ പാർക്കുകൾ.

ഉദ്‌ഘാടനച്ചടങ്ങിൽ സിഎസ്എംഎൽ സിഇഒ ഷാജി വി നായർ, കൗൺസിലർ ബിന്ദു ശിവൻ, ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ബി സാബു, ജിസിഡിഎ സെക്രട്ടറി ടി എന്‍ രാജേഷ്, പി ആർ ശ്രീലത, എം എം ഷീബ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188302/gandhinagar-garden-walkway-park-was-inaugurated-by-mayor-m-anil-kumar)