---
title: "#Birthcertificates | 77 വിദ്യാർഥികൾക്ക് ഒറ്റദിവസംകൊണ്ട് ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു"
english_title: "#Birth #certificates were distributed to 77 #students in one #day"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/188292/birth-certificates-were-distributed-to-77-students-in-one-day"
published_at: "2024-02-29T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e03acc31334_birth.jpg"
keywords: []
---

# #Birthcertificates | 77 വിദ്യാർഥികൾക്ക് ഒറ്റദിവസംകൊണ്ട് ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

> **Lead Summary:** കോതമംഗലം : പട്ടികവർഗ വിഭാഗത്തിലെ 77 വിദ്യാർഥികൾക്ക് ഒറ്റദിവസംകൊണ്ട് ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

## Article Content

കോതമംഗലം : പട്ടികവർഗ വിഭാഗത്തിലെ 77 വിദ്യാർഥികൾക്ക് ഒറ്റദിവസംകൊണ്ട് ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും പട്ടികവർഗ വികസനവകുപ്പിന്റെയും കുട്ടമ്പുഴ പഞ്ചായത്തിന്റെയും സംയുക്ത ഇടപെടലിലൂടെയാണിത്. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍ താമസിക്കുന്ന കുട്ടികളാണിവര്‍.

ആധാര്‍ കാര്‍ഡ് എടുക്കാനാണ് ഇവര്‍ക്ക് അതിവേ​ഗത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിച്ചിരുന്നു.

വിഷയത്തിൽ ഇടപെട്ട എറണാകുളം ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ വിവരം നൽകാൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ നിർദേശം നൽകി. ജനന സർട്ടിഫിക്കറ്റുകൾ ഒറ്റദിവസംകൊണ്ട് ക്യാമ്പ് നടത്തി വിതരണം ചെയ്യാൻ ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം നിർദേശം നൽകി.

തുടർന്ന് കുട്ടമ്പുഴ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ പ്രത്യേക ജനന സർട്ടിഫിക്കറ്റ് അദാലത്ത് നടത്തി. ജില്ല നിയമ സഹായ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന വിതരണം സംസ്ഥാന നിയമ സേവന അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ജോഷി ജോൺ ഉദ്ഘാടനം ചെയ്തു.

കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ അധ്യക്ഷയായി. സബ് ജഡ്ജി എൻ രഞ്ജിത് കൃഷ്ണൻ, മൂവാറ്റുപുഴ ആർഡിഒ സാജു ജേക്കബ്, പട്ടികവർഗ വികസന ഓഫീസർ അനിൽ ഭാസ്കർ, പഞ്ചായത്ത്‌ അംഗം ബിനീഷ് നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/188292/birth-certificates-were-distributed-to-77-students-in-one-day)