---
title: " #roadculture | ‘താങ്ക്‌സ്‌, സോറി, പ്ലീസ്‌ ; റോഡ് സംസ്കാരം വാർത്തെടുക്കുകയെന്ന ലക്ഷ്യവുമായി മോട്ടോർ വാഹനവകുപ്പ്‌"
english_title: "'Thanks, sorry, please; #Department of #Motor #Vehicles aims to mold #roadculture"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/187638/thanks-sorry-please-department-of-motor-vehicles-aims-to-mold-roadculture"
published_at: "2024-02-27T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd3564da68b_motor.jpg"
keywords: []
---

#  #roadculture | ‘താങ്ക്‌സ്‌, സോറി, പ്ലീസ്‌ ; റോഡ് സംസ്കാരം വാർത്തെടുക്കുകയെന്ന ലക്ഷ്യവുമായി മോട്ടോർ വാഹനവകുപ്പ്‌

> **Lead Summary:** കൊച്ചി : ‘താങ്ക്‌സ്‌, സോറി, പ്ലീസ്‌...’ ഈ മൂന്ന്‌ വാക്കുകളിലൂടെ പരസ്പര സഹകരണത്തിലൂന്നി നല്ലൊരു റോഡ് സംസ്കാരം വാർത്തെടുക്കുകയെന്ന ലക്ഷ്യവുമായി മോട്ടോർ വാഹനവകുപ്പ്‌.

## Article Content

കൊച്ചി : ‘താങ്ക്‌സ്‌, സോറി, പ്ലീസ്‌...’ ഈ മൂന്ന്‌ വാക്കുകളിലൂടെ പരസ്പര സഹകരണത്തിലൂന്നി നല്ലൊരു റോഡ് സംസ്കാരം വാർത്തെടുക്കുകയെന്ന ലക്ഷ്യവുമായി മോട്ടോർ വാഹനവകുപ്പ്‌.

> പുത്തൻ റോഡ് സംസ്കാരത്തിന് തുടക്കംകുറിച്ച്‌ താങ്ക്‌സ്‌, സോറി, പ്ലീസ്‌ (ടിഎസ്‌പി) ക്യാമ്പയിന്റെ ഭാഗമായി "നേർക്കാഴ്ച' നാടകം അവതരിപ്പിക്കുകയാണ്‌ മോട്ടോർ വാഹനവകുപ്പ്‌. ഈ മൂന്നുവാക്കുകൾ നിരത്തുകളിൽ, വാഹനമോടിക്കുന്നതിനിടെ ആവശ്യമായി വന്നാൽ ഉപയോഗിക്കാൻ ജനത്തെ പ്രേരിപ്പിക്കുകയാണ്‌ നാടകത്തിന്റെ ലക്ഷ്യം.

അപകടം കുറയ്‌ക്കാനും ഡ്രൈവിങ്‌ ആസ്വാദ്യമാക്കി നിരത്തിലെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാനും പരിപാടി ലക്ഷ്യമിടുന്നു. മോക്‌ഡ്രിൽ മാതൃകയിലാണ്‌ നാടകം. വാഹനത്തിന്‌ സൈഡ്‌ നൽകിയില്ല എന്നതടക്കമുള്ള കാരണങ്ങളാൽ തമ്മിൽതല്ലുവരെ എത്തുന്ന സംഘർഷങ്ങൾ ഒഴിവാക്കാനുള്ള ബോധവൽക്കരണമാണ്‌ നാടകം നടത്തുന്നത്‌.

മൂവാറ്റുപുഴയിൽ തുടക്കമിട്ട നാടക അവതരണം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ബസ് സ്റ്റോപ്പിനരികിൽ വന്നുനിന്ന കാറിനെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടുയുവാക്കൾ കാർ ഡ്രൈവർക്കുനേരെ കയർക്കുന്ന ദൃശ്യങ്ങളിലാണ്‌ നാടകം തുടങ്ങുന്നത്‌.

വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആക്രോശിച്ച്‌ ബൈക്ക്‌ യാത്രികരും കാർ ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷത്തിലേക്ക്‌ നീങ്ങുന്നതിനിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥർ രംഗത്തെത്തി പ്രശ്നം ശാന്തമാക്കിയതോടെ വഴക്കിട്ടവർ ചിരിച്ചുകൊണ്ട് കൈകൊടുത്തു.

അപ്പോഴാണ് നാടകമാണെന്ന് പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാർക്ക് ബോധ്യമായത്. എറണാകുളം എഎംവിഐ കെ എം നജീബാണ് നാടകരചന നിർവഹിച്ചത്‌. സംവിധാനം ബിനോയ്‌ പട്ടിമറ്റം. കൊച്ചി കപ്പൽശാലയുടെ സഹായത്തോടെ നിർമിച്ച ബോധവൽക്കരണ ഹ്രസ്വചിത്രങ്ങളും ഒപ്പം പ്രദർശിപ്പിക്കുന്നുണ്ട്‌.

റോഡിലെ തർക്കങ്ങൾ നിത്യസംഭവമാകുന്നത്‌ കുറയ്‌ക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഡെപ്യൂട്ടി ട്രാൻസ്പോർട്ട്‌ കമീഷണർ ജി എസ്‌ സജിപ്രസാദ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/187638/thanks-sorry-please-department-of-motor-vehicles-aims-to-mold-roadculture)