---
title: " #railway | നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത മൂന്നു റെയിൽവേ പദ്ധതികളിൽ നിർമാണം പൂർത്തിയാകാത്ത അടിപ്പാതയും മേൽപ്പാലങ്ങളും"
english_title: "In the three #railway projects #inaugurated by #NarendraModi, the construction of underpasses and flyovers has not been #completed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/187633/in-the-three-railway-projects-inaugurated-by-narendramodi-the-construction-of-underpasses-and-flyovers-has-not-been-completed"
published_at: "2024-02-27T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd3681c0474_railway.jpg"
keywords: []
---

#  #railway | നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത മൂന്നു റെയിൽവേ പദ്ധതികളിൽ നിർമാണം പൂർത്തിയാകാത്ത അടിപ്പാതയും മേൽപ്പാലങ്ങളും

> **Lead Summary:** **കൊച്ചി :** ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത മൂന്നു റെയിൽവേ പദ്ധതികളിൽ ഇനിയും നിർമാണം പൂർത്തിയാകാത്ത അടിപ്പാതയും സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്ന രണ്ട്‌ മേൽപ്പാലങ്ങളും.

## Article Content

**കൊച്ചി :** ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത മൂന്നു റെയിൽവേ പദ്ധതികളിൽ ഇനിയും നിർമാണം പൂർത്തിയാകാത്ത അടിപ്പാതയും സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്ന രണ്ട്‌ മേൽപ്പാലങ്ങളും.

മൂന്നുമാസത്തെ നിർമാണ ജോലികൂടി ശേഷിക്കുന്ന അങ്കമാലിയിലെ അങ്ങാടിക്കടവ്‌ റെയിൽവേ അടിപ്പാത, സ്ഥലമേറ്റെടുക്കൽ അവസാനഘട്ടത്തിലായ കിഫ്‌ബി പദ്ധതികളായ വടുതല, കുരീക്കാട്‌ മേൽപ്പാലങ്ങൾ എന്നിവയാണ്‌ അവ.

കേന്ദ്രസർക്കാർ പണമൊന്നും മുടക്കാത്ത കുരീക്കാട്‌ മേൽപ്പാലത്തിന്‌ 36.88 കോടി രൂപയും വടുതല മേൽപ്പാലത്തിന്‌ 51.80 കോടി രൂപയുമാണ്‌ സംസ്ഥാനസർക്കാർ അനുവദിച്ചിട്ടുള്ളത്‌. സംസ്ഥാനത്തെ 51 റെയിൽവേ പദ്ധതികളാണ്‌ തിങ്കൾ പകൽ 12.30ന്‌ ഓൺലൈനിലൂടെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌.

അക്കൂട്ടത്തിലാണ്‌ ജില്ലയിലെ മൂന്നുപദ്ധതികളുടെ ഉദ്‌ഘാടനവും നിർവഹിച്ചത്‌. അങ്കമാലി അങ്ങാടിക്കടവ്‌ റെയിൽവേ അടിപ്പാതയുടെ നിർമാണം ഇനിയും ബാക്കിയാണ്‌. റെയിൽവേ ഗേറ്റിനോടുചേർന്നുള്ള അടിപ്പാത ഗതാഗതത്തിന്‌ തുറന്നതായാണ്‌ പ്രധാനമന്ത്രിയുടെ ഓൺലൈൻ പ്രഖ്യാപനം.

പണി പൂർത്തിയാകാൻ മൂന്നുമാസംകൂടി വേണ്ടിവരുമെന്നിരിക്കെയാണ്‌ ഉദ്‌ഘാടനം നടത്തിയത്‌. 2.6 കോടി രൂപ വകയിരുത്തി 2021ൽ നിർമാണം ആരംഭിച്ച പദ്ധതിയാണിത്‌. മുളന്തുരുത്തി–-ചോറ്റാനിക്കര–-തൃപ്പൂണിത്തുറ പാതയിലെ കുരീക്കാട്‌ മേൽപ്പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടന്നുവരികയാണ്‌.

സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ 36.88 കോടി രൂപയാണ്‌ പദ്ധതിക്കായി സംസ്ഥാനസർക്കാർ അനുവദിച്ചത്‌. പാലവും അപ്രോച്ച് റോഡും ഉൾപ്പെടെ 472.44 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ്‌ പാലം നിർമിക്കുന്നത്‌. നിർമാണത്തിലേക്ക്‌ കടക്കാൻ ഇനിയും നടപടിക്രമങ്ങൾ ബാക്കിനിൽക്കെയാണ്‌ കേന്ദ്രവിഹിതമേയില്ലാത്ത പദ്ധതിയുടെ നിർമാണം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്‌.

കിഫ്‌ബി ഫണ്ടിൽ നിർമിക്കുന്ന വടുതല മേൽപ്പാലത്തിന്റെ സ്ഥലമെടുപ്പ്‌ അവസാനഘട്ടത്തിലാണ്‌. 61 പേരുടെ ഭൂമിയാണ്‌ ഏറ്റെടുക്കേണ്ടത്‌. 12 എണ്ണത്തിന്റെ നഷ്‌ടപരിഹാരം നൽകാനുള്ള നടപടികൾ പൂർത്തിയായി. മറ്റുള്ളവയും മാർച്ചിൽ പൂർത്തിയാക്കി ഭൂമിയേറ്റെടുത്ത്‌ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷന്‌ കൈമാറും.

പാതയിരട്ടിപ്പിക്കലിന്റെ പേരിൽ റെയിൽവേ അനുമതി നൽകാതിരുന്നതിനാലാണ്‌ നിർമാണത്തിന്‌ താമസം നേരിട്ടത്‌. റെയിൽവേയുടെ അനുമതിയായശേഷം സ്ഥലമേറ്റെടുക്കൽ പൂർത്തിയാകുകയാണ്‌. കലക്‌ടറുടെ നേതൃത്വത്തിൽ നിർമാണപുരോഗതി വിലയിരുത്തുന്നുമുണ്ട്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/187633/in-the-three-railway-projects-inaugurated-by-narendramodi-the-construction-of-underpasses-and-flyovers-has-not-been-completed)