---
title: "#sandrobbery | ദേശീയപാത നിർമാണത്തിന്റെ മറവിൽ മണൽക്കൊള്ള നടക്കുന്നതായി ആക്ഷേപം;രണ്ടു ടിപ്പർ പൊലീസ് കസ്‌റ്റഡിയിലെടുത്തു"
english_title: "#Allegation that #sandrobbery is going on #under the guise of #national #highway #construction; Two #tippers have been taken into #police #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/187120/allegation-that-sandrobbery-is-going-on-under-the-guise-of-national-highway-construction-two-tippers-have-been-taken-into-police-custody"
published_at: "2024-02-25T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da8dd518f52_robbery.jpg"
keywords: []
---

# #sandrobbery | ദേശീയപാത നിർമാണത്തിന്റെ മറവിൽ മണൽക്കൊള്ള നടക്കുന്നതായി ആക്ഷേപം;രണ്ടു ടിപ്പർ പൊലീസ് കസ്‌റ്റഡിയിലെടുത്തു

> **Lead Summary:** **പറവൂർ :** ദേശീയപാത നിർമാണത്തിന്റെ മറവിൽ മണൽക്കൊള്ള നടക്കുന്നതായി ആക്ഷേപം. മണൽ കടത്താൻ ഉപയോഗിച്ച രണ്ടു ടിപ്പർ വടക്കേക്കര പൊലീസ് കസ്‌റ്റഡിയിലെടുത്തു.

## Article Content

**പറവൂർ :** ദേശീയപാത നിർമാണത്തിന്റെ മറവിൽ മണൽക്കൊള്ള നടക്കുന്നതായി ആക്ഷേപം. മണൽ കടത്താൻ ഉപയോഗിച്ച രണ്ടു ടിപ്പർ വടക്കേക്കര പൊലീസ് കസ്‌റ്റഡിയിലെടുത്തു.

മൂത്തകുന്നംമുതൽ ചിറ്റാറ്റുകരവരെയുള്ള ഭാഗത്ത്‌ കോരിമാറ്റിയ മണ്ണ് നിർമാണം നടക്കുന്ന സ്ഥലത്തുതന്നെ കൂട്ടിയിട്ടിരുന്നു. ഇതു ടിപ്പറുകളിൽ വിവിധ സ്ഥലങ്ങളിലുള്ള വ്യക്തികൾക്ക് 2500 മുതൽ 3000 രൂപവരെ ഈടാക്കി മറിച്ചുവിൽക്കുന്നതായാണ് ആരോപണം. വടക്കേക്കരയിലെ ചക്കുമരശേരി ഭാഗത്ത്‌ മണൽ കൊണ്ടുപോകാനെത്തിയ വാഹനങ്ങളിലെ ഡ്രൈവർമാരും നാട്ടുകാരുമായി വാക്കേറ്റമുണ്ടായി.

മണ്ണ് ലേലത്തിൽ എടുത്തതാണെന്നാണ് നാട്ടുകാരോട് ഡ്രൈവർമാർ പറഞ്ഞത്. എന്നാൽ, കസ്‌റ്റഡിയിലായവരുടെ പക്കൽ മണ്ണ് കൊണ്ടുപോകാനുള്ള പാസില്ലെന്ന്‌ പൊലീസ് പറഞ്ഞു. കലക്‌ടറുടെ ഉത്തരവില്ലാതെ മണ്ണ് കൊണ്ടുപോകുന്നത്‌ നിയമലംഘനമാണ്. ദേശീയപാത 66 നിർമാണത്തിനിടെ മണ്ണ് മറിച്ചുവിൽക്കുന്നതായി പരാതികൾ മുമ്പും ഉയർന്നിട്ടുണ്ട്.

ഏതാനും മാസംമുമ്പ്‌ നിർമാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ എടുക്കാൻ കരാറെടുത്തവർ ഘണ്ഠാകർണൻവെളി ഭാഗത്തുനിന്ന്‌ മണ്ണ് കുഴിച്ചെടുത്ത്‌ കടത്തിയത്‌ വിവാദമായിരുന്നു.

നിർമാണം നടക്കുമ്പോൾ വഴികൾ നശിക്കുന്ന വീട്ടുകാർക്ക്‌ സൗജന്യമായി മണ്ണിട്ട് വഴി ഉയർത്തുന്നതല്ലാതെ മറിച്ചുവിൽക്കുന്നത്‌ അറിയില്ലെന്നാണ് ഇടപ്പള്ളി കോട്ടപ്പുറം റീച്ചിലെ നിർമാണ കരാർ എടുത്ത കമ്പനിയുടെ അധികൃതർ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വാഹനങ്ങൾ നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/187120/allegation-that-sandrobbery-is-going-on-under-the-guise-of-national-highway-construction-two-tippers-have-been-taken-into-police-custody)