---
title: "#LDF | ഫിഷ് ലാൻഡിങ് സെന്റർ ഭൂമിക്കായി പണം അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിനന്ദനം"
english_title: "#Kudos to #LDF Govt for #sanctioning money for #Fish #Landing #Center #land"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186902/kudos-to-ldf-govt-for-sanctioning-money-for-fish-landing-center-land"
published_at: "2024-02-24T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d96f15cdcd4_rakshs.jpg"
keywords: []
---

# #LDF | ഫിഷ് ലാൻഡിങ് സെന്റർ ഭൂമിക്കായി പണം അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിനന്ദനം

> **Lead Summary:** **വൈപ്പിൻ :** നടപടിക്രമങ്ങളിലെ നൂലാമാലമൂലം വർഷങ്ങളായി മുടങ്ങിക്കിടന്ന ഗോശ്രീ ഫിഷ് ലാൻഡിങ് സെന്ററിന് ഭൂമി ഏറ്റെടുക്കാൻ പണം അനുവദിച്ച എൽഡിഎഫ് സർക്കാരിനെയും അതിനായി പ്രയത്നിച്ച കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയെും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) വൈപ്പിൻ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.

## Article Content

**വൈപ്പിൻ :** നടപടിക്രമങ്ങളിലെ നൂലാമാലമൂലം വർഷങ്ങളായി മുടങ്ങിക്കിടന്ന ഗോശ്രീ ഫിഷ് ലാൻഡിങ് സെന്ററിന് ഭൂമി ഏറ്റെടുക്കാൻ പണം അനുവദിച്ച എൽഡിഎഫ് സർക്കാരിനെയും അതിനായി പ്രയത്നിച്ച കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയെും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) വൈപ്പിൻ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.

രണ്ടരക്കോടി രൂപയാണ് ഇതിനായി അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സെന്ററിന്റെ വികസന പ്രവർത്തനങ്ങൾ എത്രയുംവേഗത്തിൽ പൂർത്തിയാക്കി തുറന്നുകൊടുക്കണം. നിലവിൽ സ്വകാര്യ ഹാർബറിലാണ് വള്ളങ്ങൾ അടുപ്പിക്കുന്നതും മീൻ വിൽപ്പന നടത്തുന്നതും. ഇതിനടുത്തുതന്നെയാണ് ഫിഷ് ലാൻഡിങ് സെന്ററിനായി നേരത്തേ ലേലപ്പുര നിർമിച്ചത്.

എന്നാൽ, അങ്ങോട്ടേക്കുള്ള പ്രവേശനം ബുദ്ധിമുട്ടായതിനാലാണ് ഭൂമി ഏറ്റെടുത്ത് വഴി ഉണ്ടാക്കാൻ നടപടിയുണ്ടായത്. 12.5 സെന്റാണ് പാർക്കിങ് ഏരിയക്കും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കുന്നത്. ഫിഷ് ലാൻഡിങ് സെന്റർ പൂർണരീതിയിൽ ഉപയുക്തമാക്കുന്നതിന് അപ്രോച്ച് റോഡും പാർക്കിങും അത്യാവശ്യമായതിനാലാണ് ഏറ്റെടുക്കൽ അനിവാര്യമാക്കിയത്.

മാത്രമല്ല, സെന്ററിലേക്ക് വള്ളങ്ങൾ അടുപ്പിക്കുന്നതിനായി ഈ ഭാഗത്തെ പുഴയുടെ ആഴം വർധിപ്പിക്കുന്നതിന് കൊച്ചിൻ പോർട്ടുമായി സഹകരിച്ച് വേണ്ടനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും യൂണിയൻ ഏരിയ സെക്രട്ടറി എ കെ ശശി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186902/kudos-to-ldf-govt-for-sanctioning-money-for-fish-landing-center-land)